ചേർത്തല
‘തറവാടി നായർ’ എന്നു ജാതി പറഞ്ഞപ്പോൾ താൻ അങ്ങനെയല്ല; എല്ലാവരുടെയും ആളാണെന്നുപറയാനുള്ള മാന്യതയും ധൈര്യവും തരൂർ കാണിച്ചില്ലെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തരൂർ ആനമണ്ടനാണ്. ബുദ്ധിരാക്ഷസനെന്നു പറയുന്ന അദ്ദേഹം ബുദ്ധിഹീനനാണെന്ന് പ്രസ്താവനയും പ്രവർത്തനവും തെളിയിക്കുന്നു.
ബിജെപി പട്ടികജാതി വനിതയെ രാഷ്ട്രപതിയാക്കിയപ്പോഴാണ് എഐസിസി പ്രസിഡന്റായി പിന്നോക്കക്കാരൻ വരട്ടെയെന്ന് കോൺഗ്രസ് തീരുമാനിച്ചത്. അദ്ദേഹത്തിനെതിരെ മത്സരിച്ചതിലൂടെ തരൂർ പിന്നോക്ക വിരോധിയാണെന്നു തെളിയിച്ചു.ഒരു മതനേതാവോ സമുദായ നേതാവോ പറയുന്നതനുസരിച്ചു വോട്ടുചെയ്യുന്നവരുടെ കാലം കഴിഞ്ഞു. താനടക്കം ആരും പറയുന്നതു കേട്ടല്ല ജനങ്ങൾ വോട്ടു ചെയ്യുന്നത്. കുമാരനാശാനെപ്പറ്റിയും അയ്യങ്കാളിയെപ്പറ്റിയും എഴുതുമെന്നു തരൂർ പറയുന്നത് രാഷ്ട്രീയ അടവാണ്. തരൂരിന്റെ ഇത്തരം അടവൊക്കെ വടക്കേയിന്ത്യയിൽ ചെലവാകും.
കേരളത്തിൽ മുഖ്യമന്ത്രിയാകാൻ നടക്കുന്ന അഞ്ചെണ്ണവും ഒരേവിഭാഗത്തിൽപ്പെട്ടവരാണ് . കോൺഗ്രസ് എം പിമാർ നിയമസഭയിലേക്കു മത്സരിക്കാനൊരുങ്ങുന്നത് നാടുനന്നാക്കാനല്ല സ്വയം നന്നാകാനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.