തിരുവനന്തപുരം
സച്ചിൻ ബേബിയുടെ മറ്റൊരു കിടയറ്റ പ്രകടനം രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തെ കാത്തു. കർണാടകയുമായുള്ള മത്സരത്തിന്റെ ആദ്യദിനം ആറിന് 224 റണ്ണെന്ന നിലയിലാണ് കേരളം. 116 റണ്ണുമായി സച്ചിൻ ബേബി ക്രീസിലുണ്ട്. ഈ സീസണിലെ മൂന്നാമത്തെ സെഞ്ചുറി.
സ്വിങ് ബൗളിങ്ങിന് അനുകൂലമായി പിച്ചിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കേരളത്തിന് തുടക്കംതന്നെ പിഴച്ചു. അഞ്ച് റണ്ണെടുക്കുന്നതിനിടെ മൂന്ന് മുൻ ബാറ്റർമാർ പുറത്ത്. പി രാഹുൽ, രോഹൻ പ്രേം എന്നിവർ റണ്ണെടുക്കുംമുമ്പ് മടങ്ങി. രോഹൻ കുന്നുമ്മൽ അഞ്ച് റണ്ണെടുത്ത് പുറത്തായി. തുടർന്നായിരുന്നു സച്ചിൻ ബേബിയുടെ രക്ഷാപ്രവർത്തനം. വത്സൽ ഗോവിന്ദുമായി ചേർന്ന് 120 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. 46 റണ്ണാണ് വത്സൽ നേടിയത്. പിന്നാലെ ജലജ് സക്സേനയുമായി 50 റണ്ണും കൂട്ടിച്ചേർത്തു. ജലജ് 31 റണ്ണുമായി ക്രീസിലുണ്ട്. അക്ഷയ് ചന്ദ്രൻ 17 റണ്ണെടുത്ത് പുറത്തായി.
കഴിഞ്ഞമത്സരത്തിൽ സർവീസസിനെതിരെയും സച്ചിൻ ബേബി സെഞ്ചുറി നേടിയിരുന്നു. ആറ് കളിയിൽ 729 റണ്ണുമായി റൺവേട്ടക്കാരിൽ രണ്ടാമതാണ്. 787 റണ്ണുള്ള ഡൽഹിയുടെ ധ്രുവ് ഷോറിയാണ് ഒന്നാമത്. ഈ സീസണിൽ മൂന്നുവീതം സെഞ്ചുറിയും അരസെഞ്ചുറിയും സച്ചിൻ ബേബിയുടെ പേരിലുണ്ട്.