പ്രയാഗ്രാജ്> ഉത്തർപ്രദേശിൽ പതിനാറാം നൂറ്റാണ്ടിൽ നിർമിച്ച മസ്ജിദ് പൊളിച്ചുനീക്കി. പ്രയാഗ്രാജ് ഹാൻഡ്യയിലെ ഷാഹി മസ്ജിദാണ് ഞായറാഴ്ച അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. റോഡിന് വീതി കൂട്ടാനായി പൊളിച്ചെന്നാണ് പ്രയാഗ്രാജ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. മസ്ജിദ് പൊളിക്കുന്നതിനെതിരെ കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുന്നതിന് രണ്ട് ദിവസംമുമ്പ് ധൃതിയിൽ പൊളിച്ചുനീക്കുകയായിരുന്നെന്ന് ഇമാം ബാബുൽ ഹുസൈൻ ആരോപിച്ചു.
ഷേർഷ സൂരിയുടെ ഭരണകാലത്താണ് ഷാഹി മസ്ജിദ് നിർമിച്ചത്. പള്ളി തകർത്തതിൽ ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച് നിരവധി പ്രമുഖർ രംഗത്തുവന്നു. ‘യുനെസ്കോ’ ഇന്റർനാഷനൽ വാട്ടർ കോ ഓപറേഷൻ മുൻ ചെയർമാൻ അശോക് സ്വയിൻ പള്ളി പൊളിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. റോഡ് വീതി കൂട്ടാനായി ചരിത്ര പ്രാധാന്യമുള്ള മസ്ജിദ് തകർത്തതിൽ ആശ്ചര്യം പ്രകടിപ്പിച്ചാണ് അദ്ദേഹം ദൃശ്യം പങ്കുവച്ചത്.