ന്യൂഡൽഹി> ഡൽഹി കലാപവുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത ഗൂഡാലോചനാ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷകളിൽ വാദംകേൾക്കൽ നീണ്ടുപോകുന്നതിൽ അതൃപ്തി പ്രകടമാക്കി സുപ്രീംകോടതി. ആളുകളെ അനാവശ്യമായി ജയിലിലിടുന്നതിൽ തങ്ങൾക്ക് താൽപ്പര്യമില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഒക, ജെ പി പർദ്ദിവാല എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ജാമ്യാപേക്ഷകൾ ഈ രീതിയിൽ അല്ല കൈകാര്യം ചെയ്യേണ്ടത്. ഹൈക്കോടതികൾ എന്തിനാണ് ജാമ്യാപേക്ഷകളിൽ ഇത്രയധികം സമയം എടുക്കുന്നത്. അനാവശ്യമായി സമയം നഷ്ടപ്പെടുത്തലാണിത്. ജാമ്യ വിഷയത്തിലും പൂർണമായ വിചാരണയാണോ താൽപ്പര്യപ്പെടുന്നത്–- ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പറഞ്ഞു.
കേസിൽ പ്രതികളാക്കപ്പെട്ട വിദ്യാർത്ഥി സംഘടനാ പ്രവർത്തകരായ ദേവാംഗന കാലിത, നടാഷ നർവാൽ, അസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരായി ഡൽഹി പൊലീസ് സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. കേസിലെ മറ്റ് പ്രതികൾക്ക് ഇനിയും ജാമ്യം ലഭിക്കാത്തതിനാൽ അവർ ഇടപെടൽ ഹർജി നൽകിയിരുന്നു. ജാമ്യ ഹർജികൾ അനാവശ്യമായി നീട്ടികൊണ്ടു പോവുകയാണെന്ന് മറ്റ് പ്രതികളുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി.