തിരുവനന്തപുരം
ആർഎസ്എസ് വേദിയിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെ ആക്ഷേപിച്ച് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. നെഹ്റു സോഷ്യലിസത്തെക്കുറിച്ച് പറഞ്ഞത് ദേശീയമായ കാര്യങ്ങളിൽ അപകർഷതയുണ്ടായിരുന്നതുകൊണ്ടാണെന്നായിരുന്നു പരാമർശം. കേരള സർവകലാശാല വിസിയുടെ ചുമതലയും ഇദ്ദേഹത്തിനാണ്.
വിദേശത്തു പഠിച്ചപ്പോൾ നെഹ്റുവിന് സ്വത്വം നഷ്ടപ്പെട്ടു. അവിടത്തെ കാര്യങ്ങൾ വലുതാണെന്നും ഇവിടുത്തെ കാര്യങ്ങൾ ചെറുതാണെന്നും തോന്നി. എന്നാൽ, ഗാന്ധിക്ക് അതുണ്ടാകാത്തതുകൊണ്ടാണ് ‘രാമരാജ്യ’ത്തെക്കുറിച്ച് പറഞ്ഞത്. ജയിക്കുന്നവന്റേതാണ് ചരിത്രം. നമുക്ക് ചരിത്രമുണ്ടാകണമെങ്കിൽ ജയിച്ചേപറ്റൂ എന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച ചടങ്ങിൽ ആർഎസ്എസ് നേതാവും പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകനുമായ ജെ നന്ദകുമാറിന്റെ പുസ്തക പ്രകാശനച്ചടങ്ങായിയിരുന്നു വേദി. പുസ്തകം മോഹനൻ കുന്നുമ്മലാണ് പ്രകാശിപ്പിച്ചത്. മുമ്പും അദ്ദേഹം ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തിരുന്നു.