ഹൈദരാബാദ്
ശ്രീലങ്കയ്ക്കെതിരായ മിന്നുംജയത്തിന്റെ ആഘോഷം അവസാനിക്കുംമുമ്പേ ഇന്ത്യ അടുത്ത പരമ്പരയ്ക്കിറങ്ങുന്നു. ന്യൂസിലൻഡിനെതിരായ മൂന്നുമത്സര ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാകും. ഹൈദരാബാദിലാണ് ആദ്യകളി. 21ന് റായ്പുരും 24ന് ഇൻഡോറിലുമാണ് മറ്റു മത്സരങ്ങൾ. പിന്നാലെ മൂന്ന് ട്വന്റി 20യുമുണ്ട്.
ലങ്കയ്ക്കെതിരായ സമ്പൂർണ പരമ്പര ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഒക്ടോബറിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പാണ് ഇന്ത്യൻ ലക്ഷ്യം.ലോകേഷ് രാഹുലിനും അക്സർ പട്ടേലിനും വിശ്രമം അനുവദിച്ച ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ കെ എസ് ഭരതാണ് പുതുമുഖം. ഷഹബാസ് അഹമ്മദ്, ശർദൂൾ ഠാക്കൂർ എന്നിവരും ടീമിലുണ്ട്. ടോം ലാതമാണ് ന്യൂസിലൻഡിനെ നയിക്കുന്നത്.















