കൊച്ചി> ജഡ്ജിക്ക് നല്കാനെന്ന പേരില് കക്ഷിയില് നിന്ന് അഭിഭാഷകന് കൈക്കൂലി വാങ്ങി എന്ന ആരോപണത്തിലെ വസ്തുതകള് പുറത്ത് കൊണ്ടു വരാന് സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്ന് ആള് ഇന്ത്യാ ലോയേഴ്സ് യൂണിയന് (എഐഎല്യു)സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഹൈക്കോടതി കേന്ദ്രീകരിച്ച് വരുന്ന കേസുകളുമായി ബന്ധപ്പെട്ട സംഭവത്തില് ന്യായാധിപന്മാരുടെ ആവശ്യപ്രകാരം പൊലീസ് അന്വേഷണത്തിന് വിട്ടിട്ടുണ്ട്.
നിയമ രംഗത്ത് പ്രവര്ത്തിക്കുന്ന ന്യായാധിപന്മാര്ക്കും അഭിഭാഷകര്ക്കും ജുഡീഷ്യറിയുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന ഉദ്യോഗസ്ഥര്ക്കും സ്വതന്ത്രവും നിര്ഭയവും അഴിമതി രഹിതമായും നീതി നിര്വ്വഹണം നടത്തുന്നുവെന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യതയുണ്ട്. സംശയത്തിനതീതമായി നിലകൊള്ളേണ്ട ഉത്തരവാദിത്വത്തിന്റെ ഭാഗമായി ജഡ്ജിമാര് യോഗം ചേര്ന്നാണ് ഈ അന്വേഷണത്തിന് ശുപാര്ശ ചെയ്തത്. ഈ വാര്ത്തയുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും ചര്ച്ചകളും നടക്കുന്നുണ്ട്.
അഭിഭാഷക സമൂഹം പൊതുവില് ഉയര്ന്ന തൊഴില്പരമായ മര്യാദകളും മൂല്യങ്ങളും പാലിക്കേണ്ടവരാണ്. ഇത്തരമൊരു ആരോപണം പ്രത്യക്ഷത്തില് അഭിഭാഷക സമൂഹത്തിനാകെ അവമതിപ്പ് സൃഷ്ടിക്കാന് ഇടയാക്കുമെന്നതിനാല് നിജസ്ഥിതി പുറത്ത് വരണം. ജുഡീഷ്യറി തന്നെ ആരോപണം അന്വേഷിക്കണം എന്ന നിലപാട് സ്വീകരിച്ചത് സ്വാഗതാര്ഹമാണെന്നും സംസ്ഥാന സെക്രട്ടറി അഡ്വ. സി പി പ്രമോദ് പറഞ്ഞു.