ന്യൂഡൽഹി> കോളേജ് ലൈബ്രറിയിൽ കണ്ടെത്തിയ പുസ്തകം ഹിന്ദുവിരുദ്ധമാണെന്ന പേരിൽ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യാനുള്ള മധ്യപ്രദേശ് സർക്കാരിന്റെ നീക്കത്തിനെതിരെ സുപ്രീംകോടതി. ‘‘നിങ്ങൾ കാര്യമായിട്ടാണോ ഈ പറയുന്നത്?’’ എന്ന് ചീഫ് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡ് സർക്കാരിനോട് ആരാഞ്ഞു.
പ്രിൻസിപ്പലിന്റെ മുൻകൂർജാമ്യം പരിഗണിക്കുമ്പോഴായിരുന്നു കോടതി പരാമർശം. മധ്യപ്രദേശ് ഇൻഡോറിലെ സർക്കാർ ലോ കോളേജിലെ പ്രിൻസിപ്പൽ ഡോ. ഇനാമുർ റഹ്മാനാണ് ഹർജിയുമായി സുപ്രീം കോടതിയിലെത്തിയത്.
മധ്യപ്രദേശ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ ഹർജി തീർപ്പാക്കാൻ തുടങ്ങൂകയായിരുന്നു കോടതി. നേരത്തേ ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. അപ്പോൾ നൽകിയ ഹർജിയായിരുന്നു പരിഗണനയിൽ.
മുൻകൂർ ജാമ്യം ചോദ്യം ചെയ്യാൻ സർക്കാർ ആഗ്രഹിക്കുന്നു എന്നുകൂടി ഹർജി തള്ളുമ്പോൾ രേഖപ്പെടുത്തണമെന്ന് സർക്കാരിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ‘‘അദ്ദേഹം ഒരു കോളേജ് പ്രിൻസിപ്പലാണ്. എന്തിനാണ് നിങ്ങൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്? ലൈബ്രറിയിൽ കണ്ട ഒരു പുസ്തകത്തിൽ വർഗീയ പരാമർശങ്ങളുണ്ടെന്ന് പറയപ്പെടുന്നു. അതുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നു അല്ലേ? 2014 ൽ വാങ്ങിയ പുസ്തകമാണ്. എന്നിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണം അല്ലേ? നിങ്ങൾ കാര്യമായിട്ടാണോ ഈ പറയുന്നത്?’’‐ജ.ചന്ദ്രചൂഡ് ചോദിച്ചു. ‘‘നിങ്ങൾക്ക് ഉത്തരവ് ചോദ്യം ചെയ്യണമെങ്കിൽ ചെയ്തോളൂ..അത് ഞങ്ങൾ അപ്പോൾ കൈകാര്യം ചെയ്തുകൊള്ളാം’’‐ കോടതി വ്യക്തമാക്കി.
2014ൽ പുസ്തകം വാങ്ങുമ്പോൾ താൻ പ്രിൻസിപ്പലല്ല അധ്യാപകൻ മാത്രമായിരുന്നുവെന്നും ലൈബ്രറിയിൽ പുസ്തകം വാങ്ങുന്നതിൽ തനിക്കൊരു ചുമതലയും ഉണ്ടായിരുന്നില്ലെന്നും റഹ്മാൻ കോടതിയിൽ വാദിച്ചിരുന്നു.
എബിവിപി വിദ്വേഷ പ്രചാരണത്തെതുടർന്ന് 2022 ഡിസംബറിൽ അദ്ദേഹം രാജിവെച്ചിരുന്നു. കലക്ടീവ് വയലൻസ് ആൻഡ് ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം എന്ന പുസ്തകം റഫറൻസിന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നെന്ന് ആരോപിച്ച് ഡോ. റഹ്മാനെ എബിവിപിക്കാർ തടഞ്ഞുവെച്ച് രാജി ആവശ്യപ്പെടുകയായിരുന്നു.
ഡോ. ഫർഹത്ത് ഖാൻ എഴുതിയ ഈ പുസ്തകം ഹിന്ദു സമൂഹത്തിന് എതിരാണെന്നാണ് എബിവിപി വാദം. കലക്ടീവ് വയലൻസ് ആൻഡ് ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം എന്ന കോഴ്സുണ്ട്. ഇതിന് നിർദിഷ്ട സിലബസ് ഇല്ല. അതിനാൽ, വിദ്യാർഥികൾക്ക് താൽപ്പര്യമുള്ള പുസ്തകം തെരഞ്ഞെടുക്കാമെന്ന്- ഡോ. റഹ്മാൻ വിശദീകരിച്ചിരുന്നു. .
പുസ്തകം ഉപയോഗിച്ചതിൽ മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം ആരംഭിച്ചു. പ്രിൻസിപ്പലിനും പുസ്തകത്തിന്റെ രചയിതാവിനും പ്രസാധകനുമെതിരെ പൊലീസ് കേസെടുത്തു. ആ കേസിലാണ് പ്രിൻസിപ്പൽ മുൻകൂർ ജാമ്യം തേടിയത്. മതമൗലികവാദം പ്രചരിപ്പിക്കുന്നെന്ന എബിവിപിയുടെ ആരോപിച്ച് ഇതേ കോളേജിലെ നാല് മുസ്ലിങ്ങളടക്കം ആറ് അധ്യാപകരെ സസ്പെൻഡ് ചെയ്തിരുന്നു.