ന്യൂഡൽഹി> രാജ്യത്ത് ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന സുപ്രീംകോടതി, ഹൈക്കോടതി കൊളീജിയങ്ങളില് സര്ക്കാര് പ്രതിനിധികളെ കൂടി ഉള്പ്പെടുത്തണമെന്ന് കേന്ദ്ര സര്ക്കാര്. ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കേന്ദ്ര നിയമമന്ത്രി കിരണ് റിജിജു കത്ത് അയച്ചു.
ജഡ്ജിമാരുടെ നിയമന സുതാര്യതയും പൊതു ഉത്തരവാദിത്തവും ഉറപ്പാക്കാന് ഇത് ആവശ്യമാണ് എന്ന് കത്തില് പറയുന്നു. സുപ്രീംകോടതി കൊളീജിയത്തില് കേന്ദ്രസര്ക്കാര് പ്രതിനിധികളെയും ഹൈക്കോടതി കൊളീജിയത്തില് സംസ്ഥാന സര്ക്കാര് പ്രതിനിധികളെയും ഉള്പ്പെടുത്തണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. കൊളീജിയം സംവിധാനത്തിന് സുതാര്യതയില്ലെന്ന് നിയമമന്ത്രി കിരണ് റിജിജു മുന്പ് വിമര്ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിയമമന്ത്രി കത്ത് നല്കിയത്.
ഭരണഘടനാ വ്യവസ്ഥകൾ മറികടന്നാണ് സുപ്രീംകോടതി കൊളീജിയം സംവിധാനത്തിന് രൂപം നൽകിയതെന്നാണ് മന്ത്രിയുടെ പരാമർശം. ജഡ്ജിമാരുടെ നിയമനപ്രക്രിയയിൽ ജഡ്ജിമാർ ഇടപെടരുതെന്ന് ഭരണഘടനയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കൂടിയാലോചനയിൽ പങ്കാളിയാകാൻ മാത്രമാണ് ജഡ്ജിമാർക്ക് അവകാശം. സർക്കാരിന് ജഡ്ജിമാരുടെ അഭിപ്രായം തേടി നിയമിക്കാം. എന്നാൽ, ഇപ്പോൾ ജഡ്ജിമാരുടെ നിയമനത്തിൽ ജുഡീഷ്യറി പൂർണമായും ഇടപെടുന്നു എന്നാണ് -ആകാശവാണിക്ക് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞത്.