ന്യൂഡൽഹ0ി
മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ബിജെപി ഭരണ സംസ്ഥാന സർക്കാരുകൾ നടത്തുന്ന വീട് ഇടിച്ചുനിരത്തൽ നടപടി നിയമവിരുദ്ധ ശിക്ഷയാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ഹ്യൂമൻ റൈറ്റ്സ് വാച്ച്. മുസ്ലിങ്ങൾക്കെതിരെയുള്ള പൊതു ശിക്ഷയായി സംഘപരിവാറിന്റെ ബുൾഡോസർ നടപടി മാറിയെന്നും റിപ്പോർട്ടിൽ പറഞ്ഞു. മുസ്ലിങ്ങളുടെയും താഴ്ന്ന വരുമാനക്കാരുടെയും വീടുകൾ തകർക്കുന്ന പ്രവണത വർധിച്ചതായും അമേരിക്കൻ മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടി.
നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തിയാക്കി വീടുകളും കെട്ടിടങ്ങളും തകർക്കുകയാണ്. സർക്കാരിനെതിരായി പ്രവർത്തിച്ചവരെ ഫലപ്രദമായി തടയാനുള്ള മാർഗമായി ‘ബുൾഡോസർ രാഷ്ട്രീയത്തെ’ സംസ്ഥാന സർക്കാരുകൾ ന്യായീകരിക്കുന്നു. ‘ബുൾഡോസർ ബാബ’ യെന്ന് അറിയപ്പെടുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് വീടുകൾ പൊളിക്കുന്ന നടപടി സമാധാനത്തിന്റെ അടയാളമാണെന്ന് ന്യായീകരിച്ചു.
2022-ൽ നിരവധി പൊളിക്കൽ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതെല്ലാം മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടായിരുന്നെന്നും 712 പേജുള്ള വാർഷിക റിപ്പോർട്ടിൽ പറയുന്നു. ‘ഏപ്രിലിൽ മധ്യപ്രദേശ്, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിൽ വർഗീയ സംഘർഷങ്ങൾക്ക് മറുപടിയായി മുസ്ലിങ്ങളുടെ ഭൂരിഭാഗം വീടുകളും കെട്ടിടങ്ങളും തകർത്തു. കെട്ടിടങ്ങൾ നിയമവിരുദ്ധമാണെന്ന് അവകാശപ്പെട്ടായിരുന്നു നടപടി. കല്ലേറിൽ ഏർപ്പെട്ടവരുടെ വീടുകൾ തകർക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ഭീഷണിപ്പെടുത്തിയതും റിപ്പോർട്ടിലുണ്ട്.
ബിജെപി നേതാവിന്റെ പ്രവാചകനിന്ദയ്ക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധമുണ്ടായപ്പോൾ ഉത്തർപ്രദേശിൽ അക്രമസമരങ്ങൾക്ക് നേതൃത്വം നൽകിയെന്ന് ആരോപിച്ച് ചില മുസ്ലിങ്ങളുടെ വീടുകൾ അനധികൃതമായി തകർത്തു–- എച്ച്ആർഡബ്ല്യു പറഞ്ഞു.ഒരു വിഭാഗക്കാരുടെമാത്രം വീടുകൾ തകർക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക പ്രതിനിധികൾ കേന്ദ്ര സർക്കാരിന് കത്ത് എഴുതിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു. മനുഷ്യാവകാശങ്ങൾ നടപ്പാക്കേണ്ട ഔദ്യോഗിക സംവിധാനങ്ങളുടെ പക്ഷപാതിത്വത്തെയും സംഘടന രൂക്ഷമായി വിമർശിച്ചു.















