ന്യൂഡൽഹി> തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം ഉത്തരേന്ത്യ അതിശൈത്യത്തിന്റെ പിടിയിലാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ കുറഞ്ഞ താപനില മൂന്ന് ഡിഗ്രി വരെയായി താഴാം. തണുപ്പിനൊപ്പം അടുത്ത അഞ്ച് ദിവസത്തേക്ക് മൂടൽമഞ്ഞിനും സാധ്യതയുണ്ട്. ഡൽഹിക്ക് പുറമെ പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാൻ സംസ്ഥാനങ്ങളിലാകും അതിശൈത്യം.
ജനുവരി അഞ്ച് മുതൽ ഒമ്പത് വരെ ഉത്തരേന്ത്യയിൽ അതിശൈത്യം അനുഭവപ്പെട്ടിരുന്നു. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടുപ്രകാരം ജനുവരിയിൽ ഇത്ര നീണ്ട അതിശൈത്യം കഴിഞ്ഞ ഒരു ദശകത്തിനിടെ ഒരു തവണ മാത്രമാണ് അനുഭവപ്പെട്ടത്.