കാൻസറിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ താരമാണ് മംമ്ത മോഹൻദാസ്. രോഗത്തോട് ആത്മവിശ്വാസത്തോടെ പൊരുതിയതും ജീവിതത്തിലെ പ്രതിസന്ധിയെ നേരിട്ടതുമെല്ലാം മംമ്ത പ്രേക്ഷകരോട് പങ്കുവച്ചിരുന്നു. ഇപ്പോൾ വീണ്ടും മറ്റൊരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് അറിയിക്കുകയാണ് താരം. ഓട്ടോ ഇമ്യൂണൽ ഡിസീസ് എന്ന രോഗാവസ്ഥയിലാണെന്ന് മംമ്ത ഇൻസ്റ്റഗ്രമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
സൂര്യനോട് സംസാരിക്കുന്നത് പോലെയാണ് മംമ്ത ചിത്രത്തിന് അടിക്കുറിപ്പെഴുതിയിരിക്കുന്നത്. “പ്രിയപ്പെട്ട സൂര്യൻ, മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ സ്വീകരിക്കുന്നു… എനിക്ക് നിറം നഷ്ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു… മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ നിന്നേക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേൽക്കും. നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും”.
ആത്മവിശ്വാസത്തോടെ എല്ലാ പ്രതിസന്ധികളേയും നേരിടണം എന്നാണ് ആരാധകർ കുറിക്കുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണിത്. രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതവും വികലവുമായ പ്രതികരണമാണ് ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം അസുഖങ്ങള്‍. പ്രതിരോധ സംവിധാനത്തിന് നമ്മുടെ സ്വന്തം കോശങ്ങളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ വരും.