കൊല്ലം> സമ്പൂർണ ഭരണഘടനാ സാക്ഷരത കൈവരിച്ച രാജ്യത്തെ ആദ്യജില്ലയായി കൊല്ലം. ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരതാ ജില്ലയായി പ്രഖ്യാപിച്ചു. 10 വയസ്സിനു മുകളിലുള്ള എല്ലാവരെയും ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും ബോധവൽക്കരിക്കാൻ നടപ്പാക്കിയ ‘ദ സിറ്റിസൺ’ ക്യാമ്പയിന്റെ ഭാഗമായാണ് ഉജ്വല നേട്ടം.
ജില്ലാപഞ്ചായത്തും ആസൂത്രണ സമിതിയും കിലയും ചേർന്ന് കഴിഞ്ഞവർഷം ഏപ്രിൽ 26നാണ് പദ്ധതി ആരംഭിച്ചത്. ഏഴുലക്ഷം പേരെ ബോധവൽക്കരിക്കുകയായിരുന്നു ലക്ഷ്യം. 90 ശതമാനത്തിലധികം പേർക്കും ക്ലാസുകളും ഭരണഘടനയെ സംബന്ധിച്ച കൈപ്പുസ്തകവും വിതരണംചെയ്തു. സി കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി. മന്ത്രി ജെ ചിഞ്ചുറാണി മുഖ്യപ്രഭാഷണം നടത്തി.