തിരുവനന്തപുരം> ദേശാഭിമാനി എൺപതാം വാർഷികാഘോഷം വിപുലമായ പരിപാടികളേടെ 18ന് തലസ്ഥാനത്ത് സമാപിക്കും. ബുധൻ വൈകിട്ട് 4.30ന് നിശാഗന്ധിയിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്യും.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അധ്യക്ഷനാകും. ദേശാഭിമാനി പുരസ്കാരം ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, മന്ത്രി വി ശിവൻകുട്ടി, ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് മെഗാഇവന്റ്.
സമാപന വിളംബര ജാഥയും “അടൂർ സിനിമകളിലെ സാമൂഹ്യപശ്ചാത്തലം’ സംവാദവും തിങ്കളാഴ്ച നടക്കും. പകൽ 3.30ന് പുളിമൂട് കേസരി മന്ദിരത്തിനു മുന്നിൽനിന്ന് ആരംഭിക്കുന്ന വിളംബര ജാഥ അയ്യൻകാളി ഹാളിൽ സമാപിക്കും. തുടർന്ന് സംവാദം. മധുപാൽ മോഡറേറ്ററാകും. അടൂർ സിനിമകളിൽ അഭിനയിച്ച എം മുകേഷ് എംഎൽഎ, പ്രേംകുമാർ, ഇന്ദ്രൻസ്, ജലജ, സുധീർ കരമന, നന്ദു, മഞ്ജുപിള്ള, കൃഷ്ണൻ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. 6.30ന് സ്മൃതി മധുരം ഗാനമേള. അപർണ രാജീവ്, രാജീവ് ഒ എൻ വി, രവിശങ്കർ, മണക്കാട് ഗോപൻ എന്നിവർ നയിക്കും.