കോഴിക്കോട്> മലയാളിക്ക് ശാസ്ത്ര, പരിസ്ഥിതി ബോധത്തിന്റെ വെളിച്ചംപകർന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അറുപതിന്റെ നിറവിൽ. ശാസ്ത്രസാഹിത്യം മലയാളത്തിൽ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1962ൽ കോഴിക്കോട് ഇംപീരിയൽ ഹോട്ടലിലാണ് പ്രസ്ഥാനം പിറവിയെടുത്തത്. ശാസ്ത്രം സമരായുധമാണെന്ന് അത് സമൂഹത്തെ പഠിപ്പിച്ചു. ധിഷണാശാലികളായ മഹാരഥന്മാരുടെ വഴികളിലൂടെ അത് മലയാളിയെ മുന്നോട്ടുനയിച്ചു.
തുടക്കത്തിൽ ശാസ്ത്രസാഹിത്യകാരന്മാർക്ക് മാത്രമായിരുന്നു അംഗത്വം. പിന്നീട് ശാസ്ത്രാഭിരുചിയും പുരോഗമന സ്വഭാവവുമുള്ള ആർക്കും അംഗത്വം നൽകാമെന്നായി. 1966ൽ ശാസ്ത്രഗതി ത്രൈമാസികയും 1969ൽ വിദ്യാർഥികൾക്ക് ശാസ്ത്രകേരളം മാസികയും 70ൽ യുറീക്കയും പ്രസിദ്ധീകരണമാരംഭിച്ചു.
പുസ്തകങ്ങളുടെ ലോകത്തുനിന്നും ജനങ്ങളിലേക്ക് പരിഷത്ത് നേരിട്ട് ഇറങ്ങുന്നത് 73ലാണ്. അതോടെ ‘ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്’ എന്ന പുതിയ മുദ്രാവാക്യം രൂപംകൊണ്ടു. ചൂടാറാപ്പെട്ടി, പരിഷത്ത് അടുപ്പ്, സോപ്പുകൾ, ഐആർടിസി ഗാർഹിക ബയോഗ്യാസ് പ്ലാന്റ്, ഇലക്ട്രോണിക് ചോക്കുകൾ തുടങ്ങിയവ ജനം ഏറ്റെടുത്തു.
പ്രകൃതി–-പരിസ്ഥിതി സംരക്ഷണ രംഗത്തും നിർണായക ഇടപെടൽ നടത്തി. സാക്ഷരതായജ്ഞത്തിലൂടെ അറിവിന്റെ ജനകീയ വിപ്ലവത്തിന് തുടക്കം കുറിച്ചു. തദ്ദേശ ഭരണരംഗത്തും ജനകീയാസൂത്രണത്തിലും നിർണായക പങ്കുവഹിച്ചു. ശാസ്ത്ര ക്ലാസുകളിലൂടെ ജനതയുടെ യുക്തിബോധത്തിൽ വെളിച്ചം നിറയ്ക്കാനായി. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും ജനകീയ ഇടപെടൽ സാധ്യമാക്കി.
എൻ വി കൃഷ്ണവാരിയർ, എം പി പരമേശ്വരൻ, ഡോ. കെ ജി അടിയോടി, പി ടി ഭാസ്കരപ്പണിക്കർ, സി പി നാരായണൻ തുടങ്ങിയ മഹാരഥന്മാർ പരിഷത്തിനെ ജനകീയമാക്കി. അറുപതാം വർഷത്തിൽ ‘ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം നവ കേരളത്തിന്’ എന്ന മുദ്രാവാക്യമുയർത്തി ജനകീയ ക്യാമ്പയിന് തുടക്കമിട്ടു.