തിരുവനന്തപുരം> സംസ്ഥാനത്തെ ഹോട്ടലുകളിൽ നല്ലഭക്ഷണമെന്ന് ഉറപ്പുവരുത്താൻ ഇനി ഭക്ഷ്യസുരക്ഷാ പരിശോധനയിൽ ദൗത്യസംഘവും. ഡെപ്യൂട്ടി ഫുഡ് സേഫ്റ്റി കമീഷണറുടെ നേതൃത്വത്തിൽ ഏഴുപേരാണ് ഉണ്ടാകുക. രണ്ടുവീതം ഫുഡ്സേഫ്റ്റി ഓഫീസർമാരും റിസർച്ച് ഓഫീസർമാരുമുണ്ടാകും. ആവശ്യമെങ്കിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ തലത്തിലും സംഘത്തിന് രൂപം നൽകും. ദൗത്യസംഘത്തിന് ഏത് ഹോട്ടലിലും റസ്റ്റോറന്റിലും പരിശോധിക്കാം. ഇതുസംബന്ധിച്ച് ഉത്തരവ് തിങ്കളാഴ്ച ഇറങ്ങും.
2019ൽ 18,845 പരിശോധനയും 2020ൽ 23,892 പരിശോധനയും 2021ൽ 21,225 പരിശോധനയുമാണ് ജൂലൈമുതൽ ഡിസംബർവരെയുള്ള കാലയളവിൽ നടത്തിയത്. ആറ് മാസത്തിനകം അരലക്ഷത്തോളം പരിശോധനകളും നടന്നു. സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കിയാൽ കമീഷണർ കണ്ടിട്ടേ പുനഃസ്ഥാപിക്കാൻ അനുമതി നൽകൂ. ലൈസൻസ് ഇല്ലാത്തവയെ പ്രവർത്തിക്കാൻ അനുവദിക്കില്ല. രാത്രിയിൽ ചെക്ക് പോസ്റ്റുകൾ, തട്ടുകടകൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധിക്കും.
ആപ് 10 ദിവസത്തിൽ
ഹോട്ടലുകളും റസ്റ്റോറന്റുകളുമായി ആയിരം സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ വകുപ്പ് റേറ്റിങ് നൽകി. ഇതുമായി ബന്ധപ്പെട്ട മൊബൈൽ ആപ് പത്തുദിവസത്തിനകം ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാകും. വെള്ളം, ഭക്ഷണം എന്നിവ പരിശോധിച്ചുള്ള റിപ്പോർട്ട്, ഫുഡ് സേഫ്റ്റി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷനുള്ള സൂപ്പർവൈസർ, ജീവനക്കാർക്ക് സാംക്രമിക രോഗങ്ങൾ ഇല്ലെന്ന മെഡിക്കൽ റിപ്പോർട്ട്, ശുചിത്വം എന്നിവയെ അടിസ്ഥാനമാക്കിയാകും റേറ്റിങ്. സ്ഥാപനങ്ങൾക്ക് രണ്ടുമുതൽ അഞ്ചുവരെ സ്റ്റാറും കളർ കോഡുമുണ്ടാകും.
80 മാർക്ക് ലഭിച്ചവ പച്ചയിലും 50 മുതൽ 80 വരെ മാർക്ക് ലഭിച്ചവ മഞ്ഞയിലും 40 –-50 മാർക്ക് ലഭിക്കുന്നവ പിങ്കിലുമാണുണ്ടാകുക. താഴെയുള്ള സ്ഥാപനങ്ങൾ നീലയിലായിരിക്കും. ഇവർക്ക് റേറ്റിങ് മെച്ചപ്പെടുത്താൻ അവസരമുണ്ടാകും. ഹോട്ടൽ റേറ്റിങ് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളുമായി പങ്കുവയ്ക്കുന്നതും ആലോചിക്കുന്നുണ്ട്.