തിരുവനന്തപുരം> എൻജിഒ യൂണിയൻ വജ്രജൂബിലി ആഘോഷം ചൊവ്വാഴ്ച രാവിലെ 10ന് എറണാകുളം ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. വജ്ര ജൂബിലി ലോഗോയും തീം സോങ്ങും വ്യവസായമന്ത്രി പി രാജീവ് പ്രൊഫ. എം കെ സാനുവിന് നൽകി പ്രകാശനംചെയ്യും.
1962 ഒക്ടോബർ 27നും 28നും തൃശൂരിലാണ് യൂണിയൻ രൂപം കൊണ്ടത്. ജീവിതാവശ്യങ്ങൾ നിറവേറ്റാനാകാത്ത വേതന വ്യവസ്ഥകൾ നിലനിന്നിരുന്ന കാലത്തുനിന്നും ജീവനക്കാരെ മെച്ചപ്പെട്ട ജീവിത സാഹചര്യവും അഭിമാനബോധവുമുള്ളവരാക്കി മാറ്റിയത് യൂണിയന്റെ നിരവധി പോരാട്ടങ്ങളിലൂടെയാണ്.
നവകേരള നിർമിതി യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങളിൽ സുപ്രധാന പങ്ക് നിർവഹിക്കാൻ സിവിൽ സർവീസിനെ പ്രാപ്തമാക്കുകയെന്ന ഉത്തരവാദിത്വവും എൻജിഒ യൂണിയൻ ഏറ്റെടുക്കുന്നു. ബഹുമുഖ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന വജ്രജൂബിലി ഉദ്ഘാടന സമ്മേളനത്തിൽ പ്രമുഖർ പങ്കെടുക്കും.