തിരുവനന്തപുരം > സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയം തുടരുമെന്ന് മന്ത്രി പി രാജീവ്. കഴിഞ്ഞ 9 മാസം കൊണ്ട് കേരളത്തിൽ ഒരുലക്ഷത്തി പതിനാറായിരം പുതിയ സംരംഭങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. ഇതിൽ 38000 വനിതാ സംരംഭകരാണ്. ഇതുവഴി ഏഴായിരം കോടിയുടെ നിക്ഷേപമാണ് കേരളത്തിന് അകത്തു നിന്നു മാത്രം ഉണ്ടായിട്ടുള്ളത്. രണ്ടര ലക്ഷത്തിലധികം തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെട്ടുവെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
2022-23 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം സംരംഭങ്ങളാണ് വ്യവസായ വകുപ്പ് ലക്ഷ്യം വെച്ചത്. എട്ട് മാസം കൊണ്ട് ആ ലക്ഷ്യം പൂർത്തീകരിച്ചു. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നു മാസം കൂടിയുണ്ട്. അപ്പോഴേക്കും ഒന്നര ലക്ഷത്തിനും ഒന്നേമുക്കാൽ ലക്ഷത്തിനും ഇടയിൽ സംരംഭങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വാണിജ്യ ഡയറക്ടറേറ്റും, അസാപ് കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭക തൽപരർക്കുള്ള പരിശീലന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള സ്കിൽ ഗ്യാപ്പ് നികത്താനുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ മുൻകൈയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐ.എ.എസ്, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് എം.ഡി ഹരി കിഷോർ ഐ.എ.എസ്, അസാപ് കേരള ട്രെയിനിംഗ് ഹെഡ് ലൈജു ഐ.പി, റിയാബ് ചെയർമാൻ ഡോ: ആർ. അശോക്, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് എന്നിവർ സംസാരിച്ചു. ഓരോ ജില്ലയിലും രണ്ട് ബാച്ചുകൾ വീതം 28 ബാച്ചുകളിലായി 700 സംരംഭകരെ ആദ്യഘട്ടത്തിൽ പരിശീലിപ്പിക്കും.