ന്യൂഡല്ഹി> ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരം കൂടുതലായി ഇടിഞ്ഞുതാഴുവാൻ സാധ്യതയുണ്ടെന്ന് ഐഎസ്ആർഒയുടെ മുന്നറിയിപ്പ്. ഡിസംബര് 27നും ജനുവരി എട്ടിനും ഇടയില് നഗരം 5.4 സെന്റി മീറ്റർ താഴ്ന്നുപോയതായി ഐഎസ്ആർഒ അറിയിക്കുന്നു. അപകടാവസ്ഥയിലുള്ള നഗരത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചതില് നിന്നാണ് ഈ നിഗമനത്തില് എത്തിച്ചേര്ന്നത്. .
2022 ഏപ്രിലിനും നവംബറിനും ഇടയില് താഴ്ന്നതിനേക്കാള് വലിയ ആഘാതമാണ് ഡിസംബർ 27നും ജനുവരി 8നും ഇടയിലുണ്ടായത്. ഇത് ആശങ്ക ഇരട്ടിയാക്കുന്നു. ഈ പ്രതിഭാസം തുടര്ന്നാല് നഗരം പൂര്ണമായും ഇടിഞ്ഞുതാഴും. നിലവില് വിള്ളല് വീണ വീടുകളെയും പുതിയ സ്ഥിതി സാരമായി ബാധിക്കും.
അതേസമയം അപകടാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് തുടരുകയാണ്.. മലാരി ഇൻ, മൗണ്ട് വ്യൂ എന്നീ ഹോട്ടലുകളാണ് ആദ്യം പൊളിക്കുന്നത്. വ്യാഴാഴ്ച വൈകിട്ടോടെ മലാരി ഇൻ പൊളിച്ചുതുടങ്ങിയെങ്കിലും മോശം കാലാവസ്ഥ കാരണം നിർത്തിവച്ചിരുന്നു. കർണപ്രയാഗിലും ഒഴിപ്പിക്കൽ നടപടികൾക്ക് തുടക്കമായി.
ജനകീയ പ്രതിഷേധം ശക്തിപ്പെട്ടതോടെ ജോഷിമഠിനായി 45 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. 3000 കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. എങ്കിലും പൊളിച്ചുകളയേണ്ടി വരുന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം നിശ്ചയിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു.
ജോഷിമഠിലെ കരസേനാ ക്യാമ്പിലെ കെട്ടിടങ്ങൾക്കും ഭൂമി ഇടിഞ്ഞുതാഴലിനെ തുടർന്ന് വിള്ളൽ. 28 കെട്ടിടത്തിനാണ് വിള്ളൽ. ഇവിടെയുള്ള സൈനികരെ മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റി. ആവശ്യമെങ്കിൽ ഇവരെ സമീപത്തുള്ള ഔലി ക്യാമ്പിലേക്ക് മാറ്റും. കരസേനാ ദിനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ സേനാ മേധാവി ജനറൽ മനോജ് പാണ്ഡെയാണ് വിള്ളൽ വീണതായി സ്ഥിരീകരിച്ചത്.
ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദ്രിനാഥ് ദേശിയ പാതയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണമാണ് ജോഷിമഠ്. ബദ്രിനാഥ്, ഔലി, വാലി ഓഫ് ഫ്ളവേഴ്സ്, ഹേംകുണ്ഡ് സാഹിബ് തുടങ്ങി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള വിശ്രമ കേന്ദ്രം കൂടിയാണ് ജോഷിമഠ്.