തിരുവനന്തപുരം
സംസ്ഥാനത്ത് ഭക്ഷണവ്യാപാരം സുരക്ഷിതമാക്കാൻ കർശന നടപടിയെടുത്ത് സർക്കാർ. പഴകിയ ഭക്ഷണം വിൽക്കുന്നതും കാലാവധി കഴിഞ്ഞവയടക്കം സൂക്ഷിക്കുന്നതും പരിശോധനയിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്. ഭക്ഷണം പാഴ്സൽ നൽകുമ്പോൾ എത്ര സമയംവരെ ഉപയോഗിക്കാമെന്ന സ്റ്റിക്കർ നിർബന്ധമാക്കി. അതോടൊപ്പം കേരളത്തിലെവിടെയും പരിശോധിച്ച് നടപടിയെടുക്കാൻ അധികാരമുള്ള ‘രഹസ്യ ദൗത്യസേന’യും ഉടൻ രംഗത്തിറങ്ങും.
ഏതുതരം കാറ്ററിങ്ങായാലും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കാൻ അനുവദിക്കില്ല. ശുചിത്വമില്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും. ശുചിത്വം ഉറപ്പാക്കാൻ സൂപ്പർവൈസറെ ചുമതലപ്പെടുത്തണം. ജീവനക്കാർക്ക് ഹെൽത്ത് കാർഡും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശീലനവും നിർബന്ധമാണ്. പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാനുള്ള മൊബൈൽ ആപ് ജനുവരിയിൽത്തന്നെ പ്ലേ സ്റ്റേറിൽ ലഭ്യമാക്കും.
കേരളീയേതര ഭക്ഷണശാലകൾ വർധിക്കുന്നതും ഇത്തരം ഭക്ഷണം കഴിച്ചവരിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും പരിഗണിച്ചാണ് നടപടി. എല്ലാ ഭക്ഷണവിതരണ സ്ഥാപനങ്ങളും നിർദേശം പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭക്ഷണത്തിന്റെ സൂക്ഷ്മപരിശോധനയ്ക്ക് സഹായിക്കുന്ന ദേശീയ അക്രഡിറ്റേഷനുള്ള മൈക്രോ ബയോളജി ലാബ് ഉടൻ പ്രവർത്തനമാരംഭിക്കും. ഹോട്ടലുകൾക്ക് ഹൈജീൻ റേറ്റിങ് സംവിധാനം നടപ്പാക്കും. പുതുതായി ഏർപ്പെടുത്തുന്ന ദൗത്യസേനയ്ക്ക് ഏത് ജില്ലയിലും പരിശോധന നടത്താം. അതത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനവും തേടാം. ഭക്ഷണവിതരണ സ്ഥാപനങ്ങൾക്കു സമാനമായി കാറ്ററിങ് സ്ഥാപനങ്ങൾക്കും ലൈസൻസ് നിർബന്ധമാക്കും.
വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസോ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഭക്ഷണ വ്യാപാരമേഖലയിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിൽ തീരുമാനിച്ചിരുന്നു.
കളമശേരിയിൽ 500 കിലോ അഴുകിയ കോഴിയിറച്ചി പിടിച്ചു
വൃത്തിഹീന സാഹചര്യത്തിൽ സൂക്ഷിച്ച 500 കിലോ അഴുകിയ കോഴിയിറച്ചി കളമശേരിയിൽ പിടിച്ചെടുത്തു. ജില്ലയിലെ ഹോട്ടലുകൾക്കായി ഷവർമ, ഷവായി, അൽഫാം, ബ്രോസ്റ്റഡ് ചിക്കൻ എന്നിവ തയ്യാറാക്കുന്ന കൈപ്പടമുകളിലെ വീട്ടിൽ പ്രവർത്തിക്കുന്ന ഭക്ഷണോല്പ്പാദനകേന്ദ്രത്തിൽ നിന്നാണ് മാംസം പിടിച്ചെടുത്തത്. ബുധൻ രാത്രി ഇവിടെനിന്ന് ദുർഗന്ധം വരുന്നതായി പരാതി ഉയർന്നിരുന്നു. വ്യാഴം രാവിലെ കളമശേരി നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയിലാണ് മാംസം പിടിച്ചെടുത്തത്.
വലിയ വീപ്പയിൽ സൂക്ഷിച്ച, പലതവണ ഉപയോഗിച്ച് കരിഓയിൽപോലെയായ പാചക എണ്ണയും അടുപ്പും സാമഗ്രികളും മസാല പുരട്ടി കടലാസിൽ പൊതിഞ്ഞ് സൂക്ഷിച്ച ഇറച്ചിയും പിടികൂടി. കോഴിയിറച്ചി തമിഴ്നാട്ടിൽനിന്നെത്തിച്ചതാണെന്നും പറയുന്നു. ആറുമാസത്തിലേറെയായി സ്ഥാപനം ലൈസൻസില്ലാതെയാണ് പ്രവർത്തിച്ചത്. മണ്ണാർക്കാട് സ്വദേശി ജുനൈസ് വാടകയ്ക്കെടുത്ത വീടാണിത്. ഹോട്ടലുകൾക്കുമുന്നിൽ ഷവർമ ബൂത്ത് വച്ച് നിശ്ചിതസംഖ്യ ഹോട്ടലിന് നൽകുകയായിരുന്നു. പരിശോധനാസമയത്ത് ഉടമയോ തൊഴിലാളികളോ ഇവിടെ ഉണ്ടായിരുന്നില്ല.