തൃശൂർ> അച്ഛന്റെ മൊബെെൽ കടയിൽനിന്ന് പണവുമായി മുങ്ങിയാണ് പ്രവീൺ റാണ കോടികളുടെ തട്ടിപ്പുകൾക്ക് തുടക്കമിടുന്നത്. അരിമ്പൂരിലെ വെളത്തൂർ ലക്ഷംവീട് കോളനിയിലെ വീട്ടിൽ ജനിച്ച് വളർന്ന കെ പി പ്രവീൺ എന്ന പ്രവീൺ റാണ എൻജിനിയറിങ് പഠനശേഷം അച്ഛന്റെ മൊബൈൽ റീച്ചാർജിങ് കടയിൽ ആണ് നിന്നത്. മകൻ കൂടി സഹായത്തിനെത്തിയതോടെ അച്ഛൻ റീച്ചാർജിങ്ങിനൊപ്പം മൊബൈലുകളുടെ വില്പനയും തുടങ്ങി കട വിപുലീകരിച്ചു.
എന്നാൽ മൊബൈലുകൾ വിറ്റ പണവുമായി റാണ വീട്ടുകാരെ പറ്റിച്ച് ബംഗളൂരുവിന് നാടുവിടുകയായിരുന്നു. അവിടെ പൂട്ടാറായ ബീർ പബ്ബുകൾ വാടകയ്ക്ക് ഏറ്റെടുത്തു. ഈ പബ്ബുകൾ തന്റേതാണെന്ന് പ്രചരിപ്പിച്ച്, നാട്ടിലെ അടുത്ത ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും പണം സ്വീകരിച്ചു. തുടർന്ന് തമിഴ്നാട്, കർണാടക, ഗോവ തുടങ്ങിയ ഇടങ്ങളിലും ബാറുകളും പബ്ബുകളും തുറന്ന് കോടികളുടെ നിക്ഷേപം സമാഹരിച്ചു.
ഇതേത്തുടർന്നാണ് 2010-ൽ സേഫ് ആൻഡ് സ്ട്രോങ്ങ് നിധി എന്ന പണമിടപാട് സ്ഥാപനം തുടങ്ങുന്നത്. വൻ സാമ്പത്തിക ലാഭമുണ്ടാക്കാമെന്ന പരസ്യങ്ങൾ നൽകിയുള്ള പ്രചാരണം ഫലം കണ്ടു. സേഫ് ആൻഡ് സ്ട്രോങ്ങിലേക്ക് കോടികളുടെ നിക്ഷേപം ഒഴുകി. തുടക്ക വർഷങ്ങളിൽ ലാഭവിഹിതം കൃത്യമായി നല്കിയതോടെ കമ്പനിയുടെ പ്രശസ്തി വർധിച്ചു. തുടർന്ന് റാണ വിദേശരാജ്യങ്ങളിൽ പോയി പ്രചരണം നടത്തി. തുടർന്നാണ് കമ്പനിയിലേക്ക് കോടികൾ ഒഴുകിയെത്തിയത്.
നാല് ജില്ലകളിലും കേരളത്തിന് പുറത്തുമായി 20 ശാഖകളും തുറന്നു. നിക്ഷേപം വകമാറ്റാൻ അനുബന്ധ സ്ഥാപനങ്ങളും തുറന്നു. ഇതിനിടെ പേരിനോടൊപ്പം ഡോക്ടർ എന്ന് ചേർത്ത് ചാനലുകളിൽ സ്ലോട്ടുകൾ വാങ്ങി പ്രഭാഷണവും അഭിമുഖവും നടത്തി.
ജനങ്ങൾക്കിടയിൽ നിറഞ്ഞുനിൽക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചു.നീ സമം ഞാൻ, ഞാൻ സമം നീ എന്ന മുദ്രാവാക്യം ഉയർത്തിയാണ് മത്സരിച്ചതെങ്കിലും, ചുരുക്കം വോട്ടുമാത്രമാണ് ലഭിച്ചത്. പിന്നീട് സിനിമയിലേക്ക് തിരിഞ്ഞു. 2020-ൽ ‘അനൻ’ എന്ന സിനിമയും, 2022-ൽ റാണ നായകനായി ‘ചോരൻ’ എന്ന സിനിമയും നിർമിച്ചു. രണ്ടും വെളിച്ചം കണ്ടില്ല.
ഇന്നലെ പൊള്ളാച്ചിക്കടുത്തുനിന്ന് പിടിയിലായ പ്രവീണിനെ തൃശൂരിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. 48 ശതമാനം പലിശവാഗ്ദാനം ചെയ്ത് നിരവധിപേരിൽനിന്നായി കോടികളുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ളത്.