തിരുവല്ല > കോവിഡ് മഹാമാരിയെ നേരിടുന്നതിൽ കേരളം നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിച്ച് ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് മുൻ പ്രതിപക്ഷ നേതാവും ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിൽ (AIBC) നാഷണൽ ചെയറുമായ ജോഡി മക്കായ്. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി തിരുവല്ലയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ലിങ്കെഡിനിൽ പങ്കുവച്ച കുറിപ്പിൽ ആണ് കേരളത്തിനും മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കും പ്രശംസ. വിവിധ ഔദ്യോഗിക പരിപാടികൾക്കായി ഇന്ത്യയിലെത്തിയ അവർ രണ്ട് ദിവസമായി കേരളത്തിലുണ്ട്.
ജോഡി മക്കൈയുടെ കുറിപ്പ്:
കോവിഡ് രൂക്ഷമായ സമയത്ത് കേരളം അതിനോട് പ്രതികരിച്ചത് എങ്ങനെയായിരുന്നുവെന്ന് കെ കെ ശൈലജയുമായി സംസാരിക്കാൻ കഴിഞ്ഞു. ആരോഗ്യമന്ത്രിയെന്ന നിലയിൽ ലോകമാകെ അംഗീകരിക്കുന്ന പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ മരണനിരക്ക് കുറയ്ക്കാൻ മികച്ച പ്രവർത്തനങ്ങളിലൂടെ കേരളത്തിന് സാധിച്ചു.
ശൈലജ ടീച്ചർ (അവർ സ്നേഹപൂർവ്വം അറിയപ്പെടുന്നത് പോലെ) 2020-ൽ ഇന്ത്യൻ വോഗ് വുമൺ ഓഫ് ദി ഇയർ അവാർഡ് നേടി. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ പുതിയ മാറ്റങ്ങൾക്കും, അവികസിതമായ പ്രദേശങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്കും നിരവധി ആഗോള അംഗീകാരങ്ങൾ ലഭിച്ചു.
കെ കെ ശൈലജ ആത്മാർത്ഥതയുള്ള പൊതുപ്രവർത്തകയും, ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രചോദനവുമാണ്. അവരോടൊപ്പം തിരുവല്ലയിൽ സമയം ചെലവഴിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം – ജോഡി മക്കൈ കുറിപ്പിൽ പറഞ്ഞു.