വെള്ളമുണ്ട> വയനാട് ജില്ലയിൽ വീണ്ടും കടുവ ആക്രമണം. മക്കിയാട് പുതുശ്ശേരി വെള്ളാരംകുന്നിൽ വ്യാഴം രാവിലെയാണ് പ്രദേശവാസിയെ കടുവ ആക്രമിച്ചത്. പ്രദേശവാസിയായ പള്ളിപ്പുറം സാലുവിനാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കാലിന് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്ര ക്രിയ വേണ്ടതിനാൽ ഇയാളെ കൊഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയതു.
മാനന്തവാടി ഫോറസ്റ്റ് റെയ്ഞ്ചിലെ മക്കിയാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പുതുശ്ശേരി വെള്ളാരംകുന്ന് ഭാഗത്ത് വ്യാഴം രാവിലെയാണ് കടുവ ഇറങ്ങിയത്. രാവിലെ പത്ത് മണിയോടെ പ്രദേശവാസിയായ നടുപ്പറമ്പിൽ ലിസി എന്നായാളാണ് വാഴത്തോട്ടത്തിന് സമീപം ആദ്യം കടുവയെ കണ്ടത്. തുടർന്ന് ആലക്കൽ ജോമോന്റെ വയലിലും കണ്ടതായി നാട്ടുകാർ പറഞ്ഞു.
വെള്ളമുണ്ടയിൽ നിന്നുള്ള വനപാലക സംഘമടക്കമുള്ളവർ സ്ഥലത്ത് തെരച്ചിൽ നടത്തുന്നു. പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി. സാലുവിലെ ആക്രമിച്ചത് കടുവയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.