തിരുവനന്തപുരം > ഏരിയ കമ്മിറ്റിയംഗമെന്ന നിലയിൽ വേണ്ടത്ര ജാഗ്രത പാലിച്ചില്ല എന്ന കാരണത്തലാണ് ആലപ്പുഴയിൽ ഷാനവാസിനെതിരെ നടപടിയെടുത്തതെന്ന് മന്ത്രി സജി ചെറിയാൻ. നിലവിൽ ഷാനവാസിനെതിരെ തെളിവില്ല, പൊലീസ് അന്വേഷിക്കുകയാണ്. പാർടി സമാന്തര അന്വേഷണം നടത്തുന്നതും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതും അതിനാലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ സിപിഐ എം അല്ലാതെ മറ്റൊരു പാർടിക്കും ഇത്തരമൊരു നടപടിയെടുക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
സിപിഐ എം പ്രവർത്തകന് തെറ്റ് സംഭവിച്ചാൽ വാർത്തയാകുന്നത് കൃത്യമായി പരിശോധിക്കുന്നതുകൊണ്ടാണെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, മറ്റ് പാർടി പ്രവർത്തകരുടെ കാര്യം ആരും അന്വേഷിക്കാറില്ല. സിപിഐ എം അംഗങ്ങൾ ഏതെങ്കിലും തെറ്റിലേക്ക് നീങ്ങിയാൽ പരിശോധിച്ച് വസ്തുത ഉണ്ടോയെന്ന് ഉറപ്പാക്കും. ആലപ്പുഴയിലെ കാര്യവും അന്വേഷിച്ച് തെറ്റുകുറ്റങ്ങളുണ്ടെങ്കിൽ പാർടി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.