തിരുവനന്തപുരം
മുഖ്യമന്ത്രി സ്ഥാനാർഥിയായി സ്വയം പ്രഖ്യാപിച്ചും സമുദായങ്ങളുടെയും യുഡിഎഫിലെ ഘടകകക്ഷികളുടെയും പരസ്യ പിന്തുണയാർജിച്ചും മുന്നേറാൻ ശ്രമിക്കുന്ന ശശി തരൂരിന് മൂക്കുകയറിടാൻ ഹൈക്കമാൻഡ്. നേതാക്കൾ സ്വയം സ്ഥാനാർഥിത്വവും മുഖ്യമന്ത്രിസ്ഥാനവും പ്രഖ്യാപിക്കുന്നതിനെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കടുത്ത ഭാഷയിൽ വിമർശിച്ചു.
ആരും സ്വയം സ്ഥാനങ്ങൾ നിശ്ചയിക്കേണ്ടെന്നും ആരൊക്കെ എവിടെയൊക്കെ മത്സരിക്കുമെന്ന് നിശ്ചയിക്കാൻ പാർടിയിൽ ചില നടപടിക്രമങ്ങളുണ്ടെന്നും താരിഖ് അൻവർ മാധ്യമങ്ങളോട് പറഞ്ഞു. പദവികൾ ആർക്കും ആഗ്രഹിക്കാം. പക്ഷേ, പാർടി തീരുമാനങ്ങളാണ് പ്രധാനമെന്നും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. ഇക്കാര്യത്തിലെ ഹെക്കമാൻഡിന്റെ മനസ്സാണ് താരിഖ് അൻവർ വെളിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം മുസ്ലിംലീഗ് ചെന്നൈയിൽ യോഗം ചേർന്ന് വീണ്ടും തരൂരിനെ പിന്തുണച്ചതും എൻഎസ്എസ് നിലപാടും കോൺഗ്രസിനുള്ളിലെ സംഘർഷ അന്തരീക്ഷം രൂക്ഷമാക്കിയിരുന്നു. അതീവ ഗുരുതര പ്രതിസന്ധിയെ എങ്ങനെ മുറിച്ചുകടക്കാമെന്നതിൽ നേതാക്കളിൽ ആശയക്കുഴപ്പം നിലനിൽക്കെയാണ് ഹൈക്കമാൻഡിന്റെ പച്ചക്കൊടിയോടെ താരിഖിന്റെ പ്രതികരണം.
കത്തോലിക്ക സഭയുടെ പത്രത്തിന് തരൂർ നൽകിയ അഭിമുഖമാണ് ഹൈക്കമാൻഡിനെ കൂടുതൽ പ്രകോപിതരാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷംമുമ്പ് ആരാണ് മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിക്കണമെന്ന് തരൂർ അഭിമുഖത്തിൽ പറഞ്ഞു. ഉമ്മൻചാണ്ടിക്കുശേഷം ജനകീയനായ കോൺഗ്രസ് നേതാവ് ഇവിടെയില്ല. കോൺഗ്രസിന് ദിശാബോധം നൽകി നയിക്കാൻ കെൽപ്പുള്ള തനിക്ക്, അതിനാവശ്യമായ പിന്തുണ വിവിധ സമുദായങ്ങളിൽനിന്ന് ലഭിക്കുന്നുണ്ട്; തുടങ്ങിയ അവകാശവാദങ്ങളാണ് അഭിമുഖത്തിലുള്ളത്.
രണ്ടാം മലബാർ പര്യടനം തുടങ്ങാനിരിക്കെയാണ് തരൂർ വീണ്ടും കോൺഗ്രസ് നേതൃത്വത്തിന് കടുത്ത തലവേദന ഉണ്ടാക്കിയിരിക്കുന്നത്. നിശ്ശബ്ദത പാലിച്ചിരുന്നാൽ ‘ ഇതേ ഇരിപ്പ് ഇരിക്കാനേ കഴിയൂ’വെന്നും എന്ത് വില കൊടുത്തും അത് തടയാനുമാണ് തരൂർ വിരുദ്ധ വിഭാഗം നേതാക്കളുടെ ആലോചന. മുഖ്യമന്ത്രിയാകാമെന്ന തരൂരിന്റെ പ്രഖ്യാപനവും കേരളത്തിൽ മന്ത്രിയാകാനാണ് താൽപ്പര്യമെന്ന് ചില സിറ്റിങ് എംപിമാരുടെ ആഗ്രഹ പ്രകടനവും യാദൃച്ഛികമല്ലെന്നാണ് ഇവരുടെ വിലയിരുത്തൽ. കെ മുരളീധരനടക്കം ഒരു വിഭാഗം മുതിർന്ന നേതാക്കൾ തരൂരിന് ഉറച്ചപിന്തുണയുമായി നിൽക്കുന്നതും നേതൃത്വത്തെ ആശങ്കയിലാക്കി.