പാലക്കാട്
കുഴൽമന്ദം വെള്ളപ്പാറയ്ക്കു സമീപം കെഎസ്ആർടിസി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ തൃശൂർ പീച്ചി സ്വദേശി സി എൽ ഔസേപ്പിനെതിരെയാണ് നടപടി. ഔസേപ്പ് ജോലിയിൽ തുടർന്നാൽ കൂടുതൽ അപകടങ്ങളും മനുഷ്യ ജീവഹാനിയും കോർപറേഷന് സാമ്പത്തിക നഷ്ടവും ഉണ്ടാക്കുമെന്ന് പിരിച്ചുവിടൽ ഉത്തരവിൽ പറയുന്നു.
2022 ഫെബ്രുരി ഏഴിന് രാത്രിയിലാണ് കെഎസ്ആർടിസി ബസ് ഇടിച്ച് ലോറിക്കടിയിലേക്ക് തെറിച്ചുവീണ് പാലക്കാട് കാവശേരി സ്വദേശി ആദർശ് മോഹൻ, കാസർകോട് സ്വദേശി സബിത് എന്നിവർ മരിച്ചത്. പാലക്കാട്ടുനിന്ന് വടക്കഞ്ചേരിയിലേക്ക് പോകുകയായിരുന്നു ഫാസ്റ്റ് പാസഞ്ചർ ബസ്. റോഡിന്റെ ഇടതുവശത്ത് ബസിന് പോകാൻ ഇടമുണ്ടായിട്ടും ഡ്രൈവർ വലത്തോട്ട് വെട്ടിച്ച് അപകടമുണ്ടാക്കിയെന്നാണ് കണ്ടെത്തൽ. ബസിടിച്ച് ബൈക്ക് നിയന്ത്രണം വിട്ടാണ് യുവാക്കൾ മരിച്ചത്. ഔസേപ്പ് മനഃപൂർവം അപകടമുണ്ടാക്കിയതാണെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് കെഎസ്ആർടിസി നടത്തിയ അന്വേഷണത്തിലും വീഴ്ച കണ്ടെത്തി.
സംഭവത്തെത്തുടർന്ന് ഔസേപ്പ് സസ്പെൻഷനിലായിരുന്നു. പിന്നിലുണ്ടായിരുന്ന കാറിലെ കാമറയിൽ പതിഞ്ഞ അപകട ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഡ്രൈവർ മനഃപൂർവം അപകടമുണ്ടാക്കിയതാണെന്ന വിവരം പുറത്തുവന്നത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും വാർത്താമാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിച്ചത് കെഎസ്ആർടിസിക്ക് സമൂഹത്തിൽ അവമതിപ്പുണ്ടാക്കിയെന്നും ഗവ. ജോ. സെക്രട്ടറിയും കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ (വിജിലൻസ്) എ ഷാജി പുറപ്പെടുവിച്ച പിരിച്ചുവിടൽ ഉത്തരവിൽ വ്യക്തമാക്കി.