കോട്ടയം
ഭരണഘടനയെ മാറ്റാതെ രാജ്യത്തിന്റെ ഫെഡറലിസത്തെ കേന്ദ്രം തകർക്കുകയാണെന്നും നിത്യനിദാന ചിലവുകൾക്കപ്പുറം സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്യേണ്ടതില്ലെന്ന കാഴ്ചപ്പാടിന്റെ പ്രയോഗമാണ് രാജ്യത്ത് നടപ്പാക്കുന്നതെന്നും മന്ത്രി പി രാജീവ്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമങ്ങളെ തെറ്റായി വ്യാഖ്യാനിക്കുക വഴി ഫെഡറലിസത്തെ ദുർബലപ്പെടുത്തുന്നതാണ് വിദ്യാഭ്യാസ രംഗത്തും സമീപകാലത്ത് കാണുന്നത്.
സർവകലാശാല രൂപീകരിക്കാനും നിയന്ത്രിക്കാനുമുള്ള പരിപൂർണ അവകാശം നിയമസഭയ്ക്കാണ്. എന്നാൽ കേന്ദ്രം അതിന് യുജിസിയെ ഉപയോഗിക്കുന്നു. ഗുണനിലവാരം ഉറപ്പുവരുത്താനുള്ള അധികാരമാണ് യുജിസിക്കുള്ളത്. സർവകലാശാലകളെ മുഴുവൻ കൈപ്പിടിയിലൊതുക്കും വിധമാണ് യുജിസിയുടെ റഗുലേഷനുകൾ. അധ്യാപകരുടെ അടിസ്ഥാന യോഗ്യതയാണ് യുജിസി തീരുമാനിക്കേണ്ടത്. വിസിയുടെ യോഗ്യത നിശ്ചയിക്കാൻ അവർക്ക് അധികാരമില്ല. യുജിസി നിർദേശമനുസരിച്ചാണ് വിസി നിയമനമെങ്കിൽ എല്ലാ സംസ്ഥാനങ്ങളിലെ സർവകലാശാലകളിലും വിസി നിയമനം അസാധുവാകും.
സംസ്ഥാനങ്ങൾക്ക് നികുതി നിശ്ചയിക്കാനുള്ള അവകാശവും ഇല്ലാതായി. കേന്ദ്ര നികുതിയിൽനിന്ന് ഭരണഘടനാ പ്രകാരം വിഹിതം നൽകണം. അതിനെ മറികടക്കാൻ സെസ് കൂട്ടി. ധനകമീഷൻ മാനദണ്ഡം നിശ്ചയിച്ചപ്പോൾ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലടക്കം മികച്ച അടിസ്ഥാന സൗകര്യമുള്ള കേരളം പുറത്താകുന്നു. പിന്നെ നിയമപ്രകാരമുള്ള ഏകവഴി വായ്പയെടുക്കലാണ്. പക്ഷെ വായ്പയ്ക്കും കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നു. സ്വാഭാവികമായും സംസ്ഥാനം ഞെരുക്കത്തിലാകും. സർവകലാശാല ഗ്രാന്റുകൾക്ക് ബുദ്ധിമുട്ട് വരാം. ശമ്പളത്തെ ബാധിച്ചെന്നും വരാം. ഇതിനെ എങ്ങനെ മറികടക്കാമെന്നാണ് കേരളം ഇപ്പോൾ ആലോചിക്കുന്നത്– മന്ത്രി പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് കെ പി ശ്രീനി അധ്യക്ഷനായി. ജനറൽ സെക്രട്ടറി വി പി മജീദ്, സിഐടിയു ദേശീയ വർക്കിങ് കമ്മിറ്റിയംഗം എ വി റസൽ, സിൻഡിക്കറ്റ് അംഗം എസ് ഷാജിലാ ബീവി, എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ, എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ് ജോജി അലക്സ്, കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് കേരള ജനറൽ സെക്രട്ടറി ഹരിലാൽ, എംജി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി എം കെ ബിജു, യൂണിവേഴ്സിറ്റി പെൻഷനേഴ്സ് ഫോറം സെക്രട്ടറി വി ആർ പ്രസാദ്, അസോ. വൈസ് പ്രസിഡന്റ് കെ ടി രാജേഷ്കുമാർ എന്നിവർ സംസാരിച്ചു.