കാഞ്ഞങ്ങാട്
ബേക്കൽ ബീച്ച് മേളയിൽ സവാരിക്ക് കൊണ്ടുവന്ന രണ്ട് ആൺ ഒട്ടകങ്ങൾ തമ്മിൽ പൊരിഞ്ഞ പോര്. കടിപിടിയിൽ ഒന്നിനു സാരമായ പരിക്കേറ്റു. കീഴ്താടിയെല്ല് തകർന്ന ഒട്ടകത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 15 വയസ് പ്രായവും 550 കിലോ തൂക്കവും ഇതിനുണ്ട്. പ്രജനനസമയം അടുത്തതോടെ പെൺഒട്ടകത്തിന് മുന്നിൽ ഷൈൻ ചെയ്യാനാണ് ഇവന്മാർ തമ്മിൽ തല്ലിയത്.
കാഞ്ഞങ്ങാട്ടെ വെറ്ററിനറി സർജന്മാരായ നിധീഷും ജിഷ്ണുവും പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കണ്ണൂരിൽ നിന്നെത്തിയ വെറ്ററിനറി സർജൻ ഷെറിൻ ബി സാരംഗ്, വി സി ഗോപിക, അമൽ സുധാകരൻ, അനീക ആന്റണി, ആരതി കൃഷ്ണ എന്നിവരടങ്ങിയ സംഘം ശസ്ത്രക്രിയ നടത്തി. താടിയെല്ലുകൾ തമ്മിൽ കൂട്ടിച്ചേർക്കാനുള്ള ഇന്റർ ഡന്റൽ വയറിങ് ശസ്ത്രക്രിയയാണ് നടത്തിയത്. ‘ബൈലാട്രൽ മാൻഡിബുലാർ ഫ്രാക്ചർ’ സംഭവിച്ച ഒട്ടകത്തിന് പരിക്ക് ഭേദമാകാൻ രണ്ടുമാസം വേണ്ടിവരും. അനസ്തേഷ്യ നൽകി രണ്ട് മണിക്കൂർ സമയമെടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. താടിയെല്ല് തുളക്കുന്ന ഉപകരണം കണ്ണൂരിൽനിന്നാണ് എത്തിച്ചത്.
പ്രജനനസമയത്ത് കുതിരകളിലും ഒട്ടകങ്ങളിലും അക്രമ വാസന സാധാരണയാണ്. ചില സന്ദർഭങ്ങളിൽ ഇവ മനുഷ്യരെയും കടിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.