കൊൽക്കത്ത > ദേശവിരുദ്ധവും ജനവിരുദ്ധവും പൊതുമേഖലാ വിരുദ്ധവുമായ കേന്ദ്ര സർക്കാർ നയങ്ങളെ പരാജയപ്പെടുത്തി ബദൽ നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള പോരാട്ടത്തിന് കരുത്തുപകരാൻ ഇൻഷുറൻസ് ജീവനക്കാർ മുന്നിട്ടിറങ്ങണമെന്ന് ഓൾ ഇന്ത്യാ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷന്റെ 26മത് അഖിലേന്ത്യാ സമ്മേളനം ആഹ്വാനം ചെയ്തു. വർഗീയ ധ്രുവീകരണത്തിലൂടെ ജനതയുടെ ഐക്യം തകർക്കുന്ന ശക്തികളെ ഒറ്റപ്പെടുത്താൻ തൊഴിലാളി വർഗ്ഗം ഒന്നിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ശ്രീകാന്ത് മിശ്ര സംസാരിക്കുന്നു
പി പി കൃഷ്ണൻ
സംഘടനയുടെ ഭാരവാഹികളായി വി രമേഷ് (പ്രസിഡന്റ്), ശ്രീകാന്ത് മിശ്ര (ജനറൽ സെക്രട്ടറി), ബി എസ് രവി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. കേരളത്തിൽ നിന്നുള്ള പി പി കൃഷ്ണൻ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
സംഘടനയുടെ കേരളത്തിൽ നിന്നുള്ള വർക്കിങ് കമ്മിറ്റി മെമ്പർമാരായി പി സജു കുമാർ (തിരുവനന്തപുരം), വി കെ രമേഷ് (കോട്ടയം), ടി ജെ മാർട്ടിൻ (എറണാകുളം), ദീപക് വിശ്വനാഥ് (തൃശൂർ), ഐ കെ ബിജു (കോഴിക്കോട്) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
നാലു ദിവസമായി കൊൽക്കത്തയിലെ ജ്യോതിബസു സെന്ററിൽ നടന്ന സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള പി പി കൃഷ്ണൻ (വൈസ് പ്രസിഡന്റ്, എഐഐഇഎ), എം കുഞ്ഞികൃഷ്ണൻ (ജനറൽ സെക്രട്ടറി, എഐഐപിഎ), ടി ജെ മാർട്ടിൻ (ജനറൽ സെക്രട്ടറി, എൽഐസിഇയു എറണാകുളം ഡിവിഷൻ) എന്നിവർ സംസാരിച്ചു.
എൽഐസിയെ പൊതുമേഖലയിൽ സംരക്ഷിക്കുന്നതിനുള്ള പ്രചാരണ-പ്രക്ഷോഭ പരിപാടികൾക്ക് സമ്മേളനം രൂപം നൽകി. പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളിൽ നിന്ന് ഐആർഡിഎ പിന്മാറുക, ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുക, ജനാധിപത്യപരമായ വിയോജിപ്പുകളെ ക്രിമിനൽ കുറ്റമായി കാണുന്നത് അവസാനിപ്പിക്കുക തുടങ്ങിയ 24 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. കേരളത്തിലെ എൽഐസി, ജിഐസി ഓഫീസുകളിൽ നിന്നുമായി 19 പ്രതിനിധികളും 38 നിരീക്ഷകരും സമ്മേളനത്തിൽ പങ്കെടുത്തു.