ചെറുതോണി> ഭൂപതിവ് നിയമം ഭേദഗതി ചെയ്യാനുള്ള സർക്കാർ തീരുമാനത്തിലൂടെ ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിലെ ജനങ്ങളുടെ കാലങ്ങളായുള്ള വിഷമഘട്ടം അവസാനിക്കുകയാണെന്ന് മന്ത്രി പി രാജീവ്. ഇത് സംബന്ധിച്ച ഭേദഗതി ബിൽ 23ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചത്. ചെറുതോണിയിൽ ധീരജ് രക്തസാക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജീവ്. ബഫർസോണും കർഷകദ്രോഹവും കൊണ്ടുവന്നവരാണിപ്പോൾ ജാഥ നടത്തുന്നത്. നിയമ ഭേദഗതി ചെയ്താലേ ചട്ടംഭേദഗതി ചെയ്യാനാകൂ.
വിഷയത്തിൽ ജനതാൽപര്യം പരിഗണിച്ച ഒരേയോരു സംസ്ഥാനം കേരളമാണ്. ഉപഗ്രഹ സർവേ നടത്തണമെന്ന് നിർദേശിച്ചത് സുപ്രീംകോടതിയാണ്. ഇതിലെ പോരായ്മകൾ തിരിച്ചറിഞ്ഞതോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഫീൽഡ് സർവേയ്ക്ക് നിർദേശം നൽകി. മേൽനോട്ടത്തിന് ഉന്നതതല സമിതിയേയും ചുമതലപ്പെടുത്തി. സമിതിയുടെ പരിശോധനയ്ക്ക് ശേഷമേ റിപ്പോർട്ട് സമർപ്പിക്കൂ. സർക്കാർ ഭൂപ്രശ്നങ്ങൾ മുഴുവൻ സമയബന്ധിതമായി പരിഹരിക്കും.
ലോകത്തിന് മാതൃകയായി കേരളം മാറി. ഗുണമേന്മയുള്ള വിദ്യാഭ്യാസവും ആരോഗ്യവുമാണ് സർക്കാർ നിലപാട്. ഇവിടം വ്യവസായ സൗഹൃദ സംസ്ഥാനമായി. എട്ടുമാസത്തിനിടെ ഒരുലക്ഷം സംരംഭങ്ങളെന്ന സ്വപ്നനേട്ടവും കൈവരിക്കാനായി. എന്നാൽ പ്രതിപക്ഷവും മാധ്യമങ്ങളും ചേർന്നുള്ള കേരള വിരുദ്ധ മുന്നണി നുണപ്രചാരണം അഴിച്ചുവിടുന്നു. അതേസമയം ഇവരുടെ ഗൂഢ അജണ്ടകളെല്ലാം ജനങ്ങൾ തള്ളിക്കളയുകയാണ്. സിപിഐ എം നടത്തുന്ന ഗൃഹസന്ദർശനത്തിലൂടെ ഇക്കാര്യങ്ങളെല്ലാം ജനങ്ങൾക്ക് ബോധ്യപ്പെട്ടു. പ്രളയ, മഹാമാരി കാലഘട്ടങ്ങളിൽ ചേർത്തുപിടിച്ച സർക്കാരിനൊപ്പമാണ് ജനങ്ങളെന്നും പി രാജീവ് പറഞ്ഞു.