തൃശൂർ
നിക്ഷേപത്തട്ടിപ്പ് നടത്തിയ സേഫ് ആൻഡ് സ്ട്രോങ് കമ്പനി ചെയർമാൻ പ്രവീൺ റാണ പൊലീസിന്റെ നിരീക്ഷണ വലയത്തിൽനിന്ന് മുങ്ങിയത് തലനാരിഴ വ്യത്യാസത്തിന്. എറണാകുളത്തെ ഒരു ആഡംബര ഫ്ളാറ്റിൽ കഴിയുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിന് അൽപ്പം മുമ്പാണ് വെളളിയാഴ്ച പ്രവീൺ റാണ കടന്നുകളഞ്ഞത്.
റെയ്ഡിൽ റാണയുടെ നാലു വാഹനം പൊലീസ് പിടിച്ചെടുത്തു. എറണാകുളത്തുനിന്ന് മൂന്നും , തൃശൂരിൽനിന്ന് ഒരു കാറുമാണ് പിടിച്ചത്. ഒരു കോടി രൂപ വിലവരുന്ന റൂബികോൺ, പുതിയ മോഡൽ ബെൻസ്, കിയാ കാർണിവൽ എന്നീ കാറുകളാണ് എറണാകുളത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശൂരിൽനിന്ന് പഴയമോഡൽ കാറും പിടികൂടി. റാണയുടെ സ്ഥാപനങ്ങൾ റെയ്ഡ് ചെയ്ത് രേഖകളും കംപ്യൂട്ടറുകളും കസ്റ്റഡിയിൽ എടുത്തു. ഓഫീസുകളെല്ലാം അടച്ചുപൂട്ടി സീൽ ചെയ്തു. ഇതോടെയാണ് പ്രവീൺ റാണ ഒളിവിൽപോയത്. തിങ്കളാഴ്ച കണ്ണൂരിലെ ഓഫീസിൽനിന്ന് കംപ്യൂട്ടറുകളും രേഖകളും ബ്രോഷറുകളും പിടികൂടി.
വിമാനത്താവളങ്ങളിലെല്ലാം പൊലീസ് ജാഗ്രതാ നിർദേശം നൽകി. 48 ശതമാനംവരെ പലിശ വാഗ്ദാനം ചെയ്ത് 2018ലാണ് റാണ സേഫ് ആൻഡ് സ്ട്രോങ് കമ്പനി തുടങ്ങുന്നത്. ഈ കമ്പനിയുടെ പേരിൽനടത്തിയ തട്ടിപ്പുകളിൽ വിവിധ സ്റ്റേഷനുകളിലായി പ്രവീൺ റാണക്കെതിരെ മുപ്പതോളംകേസുകളുണ്ട്.