ന്യൂഡൽഹി
ഭൂമി ഇടിഞ്ഞുതാഴ്ന്ന് കെട്ടിടങ്ങൾക്ക് വിള്ളൽ വീഴുന്നത് വർധിച്ചതോടെ ഉത്തരാഖണ്ഡിലെ ജോഷിമഠ് ദുരന്തസാധ്യതാ പ്രദേശമായി പ്രഖ്യാപിച്ചു. നഗരത്തിലെ ഒമ്പത് വാർഡിലായി 678 കെട്ടിടം വിള്ളൽ വീണ് അപകടനിലയിലാണ്. 81 കുടുംബത്തെ മാറ്റി പാര്പ്പിച്ചു. കൂടുതൽ കുടുംബങ്ങളെ ഒഴിപ്പിക്കും. വീടുകൾ ഉപേക്ഷിക്കാൻ പലരും കൂട്ടാക്കുന്നില്ല.
ആളുകളെ ഒഴിപ്പിക്കുന്നതിനായുള്ള കൂടുതൽ സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് അധികൃതർ. കടുത്ത തണുപ്പ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നു. സർക്കാർ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിൽ സൗകര്യങ്ങളില്ലെന്ന പരാതി വ്യാപകമായി.ജില്ലാ കലക്ടറെ ഞായറാഴ്ച നാട്ടുകാർ തടഞ്ഞുവച്ച് പ്രതിഷേധിച്ചു. സർക്കാർ സഹായധനം പ്രഖ്യാപിക്കാത്തതിലും ജനങ്ങൾ രോഷാകുലരാണ്. പ്രതിപക്ഷ പാർടികളും സർക്കാരിനെ വിമർശിച്ച് രംഗത്തെത്തി.
ചാർധാം യാത്രയ്ക്കായി എൻടിപിസി നിർമിക്കുന്ന ടണലുകളും മറ്റു നിർമാണപ്രവർത്തനങ്ങളുമാണ് ദുരന്തത്തിന് വഴിയൊരുക്കിയതെന്ന് മുൻമുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു. സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള വിദഗ്ധർ തിങ്കളാഴ്ച സ്ഥലപരിശോധന നടത്തി.
വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, പി എസ് നരസിംഹം എന്നിവരുൾപ്പെട്ട ബെഞ്ചാണ് പരിഗണിക്കുക.