തിരുവനന്തപുരം> അന്ധവിശ്വാസവും അനാചാരവുമൊക്കെ സമൂഹത്തിൽ തിരിച്ചു കൊണ്ടുവരാൻ ബോധപൂർവം ശ്രമം നടക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലതിനും ഇരയാകുന്നത് സ്ത്രീകളാണ്. അക്രമത്തിന് ഇരയായ സ്ത്രീയെ കുറ്റപ്പെടുത്താനുള്ള ശ്രമം ഉണ്ടാകുന്നെന്നും ഇത്തരം ഒരു പൊതുബോധം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിന് സമാപനം കുറിച്ച് മല്ലു സ്വരാജ്യം നഗറിൽ(പുത്തരിക്കണ്ടം മൈതാനി) നടന്ന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘപരിവാർ ജനങ്ങളെ ഒന്നിച്ചു നിർത്താനല്ല ശ്രമിക്കുന്നത്. ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ബിജെപി മാലയിട്ടാണ് സ്വീകരിച്ചത്. സ്ത്രീകളോടും ന്യൂനപക്ഷങ്ങളോടുള്ള ബിജെപിയുടെ സമീപനത്തിന്റെ ഉദാഹരണമാണ് ഇതെല്ലാം. ഇന്ത്യയിൽ ഒരു വിഭാഗത്തിന്റെ മാത്രം വിവാഹമോചനം ക്രിമിനൽ കുറ്റമാണ്. മറ്റ് വിഭാഗങ്ങളിൽ സിവിൽ കേസാണ്. ബിജെപി സർക്കാരിന്റെ നിലപാടാണിത്.
ഒരു പ്രത്യേക വിഭാഗത്തെ എങ്ങിനെ കാണുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്. ഇന്ത്യയിൽ ജീവിക്കുന്ന പൗരന്മാരെ എല്ലാ അർത്ഥത്തിലും സംരക്ഷിക്കേണ്ട സർക്കാർ വിഭാഗീയതയുണ്ടാക്കി ഒരു വിഭാഗത്തെ ഭീതിയിലാക്കുന്നു. ഇതിനെതിരെ വലിയ തോതിൽ യോജിച്ച പോരാട്ടം വളർത്തിയെടുക്കണം. മുസ്ലിം വിഭാഗത്തിന് നേരെ മാത്രമല്ല ആക്രമണം നടക്കുന്നത്. ക്രൈസ്തവർക്കെതിരെയും ആക്രമണം നടക്കുന്നു. കേരളത്തിൽ സംഘപരിവാർ തങ്ങളുടെ കൂടെ ആളെക്കൂട്ടാൻ ശ്രമിക്കുന്നു. കേരളത്തിലെ സംഘപരിവാറും കേരളത്തിന് പുറത്തുള്ള സംഘപരിവാറും വ്യത്യസ്തരല്ല. ന്യൂനപക്ഷം തങ്ങളുടെ നാട്ടിലുണ്ടാകരുതെന്ന തത്വസംഹിതയാണ് അവർക്കുള്ളത്. കേരളത്തിലും രാജ്യത്തും ആർഎസ്എസ് ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനത്തിൽ ഒരു ലക്ഷം വനിതകൾ അണിനിരന്നു. ചെറുപ്രകടനങ്ങളായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ എത്തിയ മഹിളകൾ പുത്തരിക്കണ്ടം മൈതാനത്ത് മഹാസാഗരമായി. പൊതുസമ്മേളനത്തിൽ പി കെ ശ്രീമതി അധ്യക്ഷയായി.