കൊൽക്കത്ത> മുതലാളിത്ത ചൂഷണത്തിനെതിരെയുള്ള സമരം പോലെ ജനാധിപത്യസംരക്ഷണത്തിനുള്ള പോരാട്ടവും ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തിന്റെ പ്രധാന ചുമതലയാണെന്ന് സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ. കൊൽക്കത്തയിൽ ഓൾ ഇന്ത്യാ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷന്റെ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പ്രതിനിധി സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങൾക്കെതിരെയും ബഹുസ്വരതക്കെതിരെയുമുള്ള ആക്രമണങ്ങൾ നവ ഉദാരവൽക്കരണനയങ്ങൾ പിന്തുടരുന്ന കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നു. ഇതിനെതിരെ സംഘടിതരും അസംഘടിതരുമായ എല്ലാ വിഭാഗം തൊഴിലാളികളെയും അണിനിരത്തി പ്രതിരോധം തീർക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമുദായിക സൗഹാർദ്ദം സംരക്ഷിക്കുക, പൊതുമേഖലാ ഓഹരി വിൽപ്പന അവസാനിപ്പിക്കുക, തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.