ന്യൂഡൽഹി> സംരക്ഷിത വനങ്ങൾക്ക് ചുറ്റുമുള്ള ഒരു കി.മീ പ്രദേശം ബഫർസോണായി നിലനിർത്തണമെന്ന വിധിയിൽ വ്യക്തത തേടിയുള്ള കേന്ദ്ര സർക്കാർ ഹർജിയെ പിന്തുണച്ച് കേരളം സുപ്രീംകോടതിയിൽ ഇടപെടൽ ഹർജി സമർപ്പിച്ചു. കേന്ദ്രം സമർപ്പിച്ച ഹർജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സർക്കാർ ഇടപെടൽ ഹർജി സമർപ്പിച്ചത്.
കേന്ദ്ര വനം–-പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതിലോല പ്രദേശമായി കണ്ട് അന്തിമ വിജ്ഞാപനനോ കരടുവിജ്ഞാപനമോ പുറപ്പെടുവിച്ച മേഖലകളിൽ ബഫർസോൺ നിബന്ധനയിൽ ഇളവ് നൽകണം എന്നാവശ്യപ്പെട്ടുള്ളതാണ് കേന്ദ്ര ഹർജി. ഈ ആവശ്യത്തെ പിന്തുണച്ചുള്ളതാണ് സംസ്ഥാന സർക്കാർ സമർപ്പിച്ച ഇടപെടൽ ഹർജി. ബഫർസോൺ വിധിയ്ക്കെതിരായി കേരളം സമർപ്പിച്ച പുനപരിശോധനാ ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
ജനസാന്ദ്രത ഏറെ ഉയർന്ന കേരളത്തിൽ ബഫർസോൺ നിബന്ധന നടപ്പാക്കുക എളുപ്പമല്ലെന്ന് സ്റ്റാൻഡിങ് കൗൺസൽ നീഷെ രാജൻ ശങ്കർ സമർപ്പിച്ച ഇടപെടൽ ഹർജിയിൽ പറയുന്നു. കേരളത്തിലെ ആകെ ഭൂവിസ്തൃതിയുടെ 29.65 ശതമാനവും വനപ്രദേശമാണ്. സംസ്ഥാനത്ത് ജനസാന്ദ്രത 2011 സെൻസസ് പ്രകാരം ചതുരശ്ര കിലോമീറ്ററിൽ 860 ആണ്. 1961 ൽ ജനസാന്ദ്രത 435 ആയിരുന്നു. പ്രതിവർഷം 12.37 ശതമാനം നിരക്കിലാണ് ജനസാന്ദ്രത ഉയർന്നത്.
സംസ്ഥാനത്ത് സംരക്ഷിത വനത്തോട് ചേർന്നുതന്നെ ജനവാസ മേഖലകളുണ്ട്. വീടുകളും കടകളും സ്കൂളുകളും ആരാധനാലയങ്ങളും ആശുപത്രികളും എല്ലാമുള്ള വികസിത മേഖലകളാണിത്. പരിസ്ഥിതിലോല മേഖലകളെ വേർതിരിച്ചുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ കരടുവിജ്ഞാപനത്തിനെതിരെയും വലിയ പ്രതിഷേധം ഉയർന്നതാണ്. തുടർന്ന് കരടിൽ പല മാറ്റങ്ങളും വരുത്തി. ഇപ്പോഴത്തെ ബഫർസോൺ വിധിയ്ക്കെതിരെയും വലിയ പ്രതിഷേധമാണുയരുന്നത്. ഭൂമി ലഭ്യമല്ലാത്തതിനാൽ കേരളത്തിൽ പുനരധിവാസത്തിന് യാതൊരു സാധ്യതയും ഇല്ല. കേരളത്തിലെ ഹൈക്കോടതി പോലും സംരക്ഷിതവനമായ മംഗളവനത്തിന് 200 മീറ്റർ മാത്രം മാറിയാണ്. ജനവാസ മേഖലകളെ ഒഴിവാക്കി വേണം ബഫർസോൺ നിശ്ചയിക്കാൻ. പൊതുജനതാൽപ്പര്യം കണക്കിലെടുത്ത് കോടതി അതിന് തയ്യാറാവണം–- സംസ്ഥാനം ഹർജിയിൽ ആവശ്യപ്പെട്ടു.