തിരുവനന്തപുരം> ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സർക്കിൾ ഇൻസ്പെക്ടർ പി ആർ സുനുവിനെ പൊലീസ് സേനയിൽ നിന്നും പിരിച്ചുവിട്ടു. പൊലീസ് ആക്ട് സെക്ഷനിലെ 86 വകുപ്പ് അനുസരിച്ചാണ് നടപടി. സ്ഥിരമായി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സർവീസിൽ തുടരാൻ അയോഗ്യരാക്കുന്നതാണ് ഈ വകുപ്പ്. കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ വകുപ്പ് പ്രകാരം ഒരു ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചുവിടുന്നത്.
പൊലീസിലെ ക്രിമിനലുകൾക്കെതിരെ കർശ നടപടി സ്വീകരിക്കണമെന്ന സംസ്ഥാന സർക്കാറിന്റെ ശക്തമായ നിർദ്ദേശത്തെ തുടർന്നാണ് നടപടി. അച്ചടക്ക നടപടിയുടെ ഭാഗമായി ഡിജിപിയുടേതാണ് തീരുമാനം. ഇയാളെ സർവിസിൽനിന്ന് പുറത്താക്കിയതായി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അറിയിച്ചു.