തിരുവനന്തപുരം> അഖിലേന്ത്യാ മഹിളാ അസോസിയേഷന് പതിമൂന്നാം ദേശീയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം അവസാനിച്ചു. അധ്യക്ഷ പ്രസംഗത്തില് മഹിളാ അസോസിയേഷന്റെ കാലങ്ങളായുള്ള കൂട്ടായ നേതൃത്വത്തിന്റെയും ടീം വര്ക്കിന്റെയും പാരമ്പര്യം വരും വര്ഷങ്ങളിലും തുടരുമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പി കെ. ശ്രീമതി പറഞ്ഞു. പൊതുസമ്മേളനം ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
വരാനിരിക്കുന്ന വര്ഷം, 2024, ഇന്ത്യന് ജനാധിപത്യത്തിനും മതേതരത്വത്തിനും പൊതുവെ ഇന്ത്യന് ഭരണഘടനയ്ക്കും നിര്ണായക വര്ഷമാണ്. മോദി സര്ക്കാരിന്റെ വര്ഗീയ-വലതുപക്ഷ-ആര്എസ്എസ് അജണ്ട പരാജയപ്പെടുത്തണം. അതിനായി സ്ത്രീകളെ അണിനിരത്തി സമരമുഖത്ത് എത്തിക്കാന് മഹിളാ അസോസിയേഷന് ഇന്ത്യയൊട്ടാകെ അക്ഷീണം പ്രവര്ത്തിക്കണം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി തീര്ച്ചയായും ഇതിന് ഊന്നല് നല്കുമെന്നും അവര് കൂട്ടിച്ചേര്ത്തു.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മാലിനി ഭട്ടാചാര്യ സംഘടനയുടെ വൈസ് പ്രസിഡന്റായി തുടരും. ബൃന്ദ കാരാട്ടും മറിയം ധവ്ളെയും ചേര്ന്ന് അവരെ ആദരിച്ചു. താന് ആജീവനാന്ത എഐഡിഡബ്ല്യുഎ പ്രവര്ത്തകയായിരുന്നുവെന്നും ഈ ദുഷ്കരമായ സമയങ്ങളിലും സംഘടനയ്ക്ക് തന്നാലാവുന്ന സംഭാവനകള് നല്കുന്നത് തുടരുമെന്നും അഭിനന്ദനം സ്വീകരിച്ചുകൊണ്ട് മാലിനി ഭട്ടാചാര്യ പറഞ്ഞു.
സംഘാടക സമിതിയെ പ്രതിനിധീകരിച്ച് സി എസ്.സുജാത നന്ദി പറഞ്ഞു. പ്രസീഡിയത്തിനുവേണ്ടി മാലിനി ഭട്ടാചാര്യ സമാപന സെഷനോടെ സമ്മേളനം സമാപിച്ചതായി അറിയിച്ചു.