കാസര്കോട്> ചെമ്മനാട് പെരുമ്പള വേനൂര് അരീച്ചം വീട്ടിലെ കെ അഞ്ജുശ്രീ (19) ആത്മഹത്യ ചെയ്തതാണോയെന്ന സംശയം ബലപ്പെട്ടു. മരണം ഭക്ഷ്യവിഷബാധമൂലമല്ലെന്ന് ജില്ലാ പൊലീസ് മേധാവി ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. പേസ്റ്റ് രൂപത്തിലുള്ള എലിവിഷമാണ് കഴിച്ചതെന്ന സൂചന അന്വേഷണ ഉദ്വോഗസ്ഥര് അനൗദ്യോഗികമായി പറയുന്നു. രാസപരിശോധനാഫലം വന്നതിനു ശേഷം മാത്രമെ ഇതു സംബന്ധിച്ച് കൃത്യമായ വിവരം പുറത്തുവിടൂ.
അഞ്ജുശ്രീ മൊബൈലില് എലിവിഷം കഴിക്കുന്നതിനെ കുറിച്ച് ഗൂഗിള് സേര്ച്ച് ചെയ്തതായി വിവരമുണ്ട്. കുട്ടിയുടെ കൈയെഴുത്ത് രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മരണക്കുറിപ്പും കിട്ടിയതിനാല്, കൈയക്ഷരം താരതമ്യം ചെയ്യാനാണിതെന്നും അറിയുന്നു. തിരുവനന്തപുരത്തേക്കയച്ച ആന്തവായവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയാല് തെളിവുകള് ഒത്തിണക്കി, ആത്മഹത്യയെന്ന് സ്ഥിരീകരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര് പറയുന്നത്.
അതേസമയം, അഞ്ജുശ്രീക്കൊപ്പം ഹോട്ടല് ഭക്ഷണം കഴിച്ചവര്ക്ക് അസ്വസ്ഥതയുണ്ടായത് എങ്ങിനെയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നത്. ഇതിനായി ഇവര് പ്രാഥമിക ചികിത്സ തേടിയ ചെമ്മനാട് ദേളിയിലെ സ്വകാര്യാശുപത്രിയിലും കാസര്കോട് ജനറല് ആശുപത്രിയിലും മംഗളൂരു ആശുപത്രിയിലും പൊലീസ് അന്വേഷണം നടത്തി.
മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളേജിലെ രണ്ടാം വര്ഷ ബികോം വിദ്യാര്ഥിനിയാണ് അഞ്ജുശ്രീ. കെ അംബികയുടെയും പരേതനായ എം കുമാരന് നായരുടെയും മകള്. ഡിസംബര് 31ന് വൈകിട്ടാണ് കാസര്കോട് അടുക്കത്ത്ബയലിലെ അല്റൊമാന്സിയ ഹോട്ടലില് നിന്ന് ഓണ്ലൈനായി കുഴിമന്തി, മായോണിസ്, പച്ചചട്ടിണി, ചിക്കന് 65, സലാഡ് എന്നിവ വാങ്ങിയത്. അഞ്ജുശ്രീയും അമ്മയും സഹോദരന് ശ്രീകുമാറും ബന്ധവുമായ ശ്രീനന്ദിനിയുമാണ് കഴിച്ചത്.
അഞ്ജുശ്രീക്കും ശ്രീനന്ദിനിക്കും മാത്രമാണ് അസ്വസ്ഥത ഉണ്ടായത്. ഒന്നാം തിയതി രാവിലെ ഇരുവര്ക്കും ഛര്ദിയും ക്ഷീണവുമുണ്ടായി. ദേളിയിലുള്ള സ്വകാര്യ ആശുപത്രിയില് കാണിച്ച് പ്രാഥമിക ചികിത്സ നല്കി വീട്ടിലേക്ക് മടങ്ങി. തിരുവനന്തപുരത്ത് കോളേജില് പഠിക്കുന്ന ശ്രീനന്ദിനി രണ്ടാം തിയതി അങ്ങോട്ട് പോയി. അഞ്ജുശ്രീക്ക് അഞ്ചിന് വീണ്ടും ദേഹാസ്വസ്ഥത ഉണ്ടായതിനെ തുടര്ന്ന് വീണ്ടും ദേളിയിലെ ആശുപത്രിയില് കാണിച്ച് രക്തം പരിശോധിച്ച് ഐവി ഫ്ളൂയിഡ് ആന്റി ബയോട്ടിക് ഉള്പ്പെടെയുള്ള ചികിത്സ നല്കി വീട്ടിലേക്ക് മടങ്ങി.
വെള്ളിയാഴ്ച പെണ്കുട്ടിയുടെ സ്ഥിതി കൂടുതല് ഗുരുതരമായതിനെ തുടര്ന്ന് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില് പ്രവേശിപ്പിച്ചു. ശനി രാവിലെ ആറോടെയാണ് മരിച്ചത്.ഭക്ഷണം വാങ്ങിയ അടുക്കത്ത്ബയലിലെ അല്റൊമാന്സിയ ഹോട്ടല് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം അടച്ചുപൂട്ടിയിരുന്നു. ഭക്ഷണ സാമ്പിളുകള് കോഴിക്കോട് മാലാപ്പറമ്പിലെ മേഖലാ പരിശോധന ലാബിലേക്ക് കൊണ്ടുപോയി പരിശോധിച്ചു. ഹോട്ടലില് പുതുവര്ഷ ആഘോഷത്തിനുണ്ടാക്കിയ കുഴിമന്തി 120 ഓളം പേര് കഴിച്ചതായി ഹോട്ടലുകാര് പറയുന്നു. അവര്ക്കാര്ക്കും അസ്വസ്ഥത ഉണ്ടായില്ലെന്ന് ഹോട്ടലുകാര് പറയുന്നു.കസ്റ്റഡിയിലുണ്ടായിരുന്ന അടുക്കത്ത്ബയലിലെ അല്റൊമാന്സിയ ഹോട്ടല് ജീവനക്കാരെ വിട്ടയച്ചു