രാജ്യത്തെ സ്ത്രീവിമോചന പോരാട്ടങ്ങളുടെ കരുത്തുറ്റ നേതൃത്വമാണ് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ. തിരുവനന്തപുരത്ത് നടക്കുന്ന 13–-ാം അഖിലേന്ത്യാ സമ്മേളനത്തിനിടെ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ ദേശാഭിമാനി റിപ്പോർട്ടർ അശ്വതി ജയശ്രീയോട് സംസാരിക്കുന്നു
മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റായുള്ള പ്രവർത്തനത്തെപ്പറ്റി?
രൂപീകരിച്ച് രണ്ടാംവർഷം അസോസിയേഷൻ അംഗമായതാണ്. സതിയും വർഗീയതയും ഭ്രൂണഹത്യയും സ്ത്രീധന കൊലപാതകങ്ങളുമൊക്കെ വളരെ കൂടുതലായിരുന്ന തൊണ്ണൂറുകൾമുതലാണ് അസോസിയേഷനിൽ കേന്ദ്രീകരിച്ചത്. ഒരേസയമം വലതുപക്ഷ വർഗീയ ആശയങ്ങളുടെ വാഹകരും ഇരകളുമാകുന്ന സ്ത്രീകൾക്കായി പാർലമെന്റിലും പുറത്തും പ്രവർത്തിക്കാനായി. അനീതിക്കെതിരെ ശബ്ദിക്കാൻ ധൈര്യമുണ്ടായത് ഈ സംഘടനയ്ക്കുമാത്രം. ഇടതുപക്ഷക്കാരായ സ്ത്രീകൾ ശബ്ദിക്കുംവരെ എല്ലാ പ്രശ്നത്തിലും പേടിപ്പിക്കുന്ന നിശ്ശബ്ദതയാകും. ബിൽക്കിസ് ബാനു കേസ് ഉദാഹരണം. ആ രീതിയെ ഇല്ലാതാക്കുകയാണ് സംഘടനയുടെ ലക്ഷ്യം.
സംഘടനയുടെ ഭാവി പ്രവർത്തനങ്ങളും വളർച്ചയും?
കോവിഡ്കാലത്ത് സമൂഹത്തിനായി പുറത്തിറങ്ങി പ്രവർത്തിച്ചതും അടിസ്ഥാനതലത്തിലുള്ള സ്ത്രീകളുമായി ബന്ധപ്പെട്ടതും സംഘടനയെ കൂടുതൽ ശക്തമാക്കി. അനീതിക്കെതിരെ ശബ്ദിക്കാൻ സ്ത്രീകളെ സജ്ജമാക്കണം. അതിനായി അംഗസംഖ്യ വർധിപ്പിക്കും. പ്രാദേശികതലംമുതൽ ശക്തമായി പ്രവർത്തിക്കുന്ന അംഗങ്ങളെയാണ് ആവശ്യം. യാഥാസ്ഥിതിക മനോഭാവങ്ങളോട് പൊരുതും. ബിജെപിയും ആർഎസ്എസും കുത്തിവയ്ക്കുന്ന പുരോഗമനവിരുദ്ധതയും തകർക്കേണ്ടതാണ്.
സ്കീം വർക്കേഴ്സിന്റെ പ്രശ്നങ്ങളെക്കുറിച്ച്?
അങ്കണവാടി ജീവനക്കാർ, ആശാ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി സ്ത്രീപങ്കാളിത്തം കൂടുതലുള്ള മേഖലയാണത്. മുഴുവൻസമയം തൊഴിലെടുക്കുന്നെങ്കിലും വളന്റിയറായി അടയാളപ്പെടുത്തുന്നതിനാൽ തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നത്. പലരുടെയും ഏക ആശ്രയമാണ് ഇത്. സ്ഥിരജോലിയെന്ന അവകാശത്തിനും തൊഴിലാളിയെന്ന പേരിനുമായി പൊരുതുകയാണ് അവർ.
ഒറ്റയ്ക്കും സിഐടിയുവിനൊപ്പവും ഇവർക്കായി പോരാടുകയാണ് സംഘടന. കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസനയം അങ്കണവാടികളെ സ്കൂളുകളുമായി ലയിപ്പിക്കാനൊരുങ്ങുന്നു. ഇത് അങ്കണവാടിസേവനങ്ങളെ പൂർണമായി നശിപ്പിക്കും. ഇതിനെയൊക്കെ തടയാനാണ് മഹിളാ അസോസിയേഷൻ ലക്ഷ്യമാക്കുന്നത്.