തിരുവനന്തപുരം
അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരുമെന്ന പ്രകാശ് ജാവദേക്കറുടെ പ്രസ്താവന തള്ളി സംസ്ഥാന ബിജെപിയിലെ ഒരു വിഭാഗം. ജന്മഭൂമി, ജനം തുടങ്ങിയ സംഘപരിവാർ ഔദ്യോഗിക മാധ്യമങ്ങൾ പ്രസ്താവന പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. അങ്ങനെയൊരു തീരുമാനമുണ്ടെങ്കിൽ പറയേണ്ടത് ജാവദേക്കർ അല്ലെന്നും പറയേണ്ട വേദിയിലല്ല പറഞ്ഞതെന്നുമാണ് ആർഎസ്എസ് പിന്തുണയുള്ള ഒരു വിഭാഗത്തിന്റെ നിലപാട്. സുരേന്ദ്രൻ തുടരുമെന്ന പ്രസ്താവന ബിജെപിയുടെ ഔദ്യോഗിക മാധ്യമങ്ങൾ തിരസ്കരിച്ചതോടെ കോർകമ്മിറ്റിയെക്കൊണ്ട് മറുവിഭാഗം പ്രസ്താവന ഇറക്കിച്ചു.
ശനിയാഴ്ച ആലപ്പുഴയിൽ നടന്ന പാർലമെന്റ് മണ്ഡലം പ്രവർത്തക യോഗത്തിലാണ് സുരേന്ദ്രൻ തുടരുമെന്ന് ജാവദേക്കർ പറഞ്ഞത്. ദേശീയ നിർവാഹക സമിതിയിലോ സംസ്ഥാന കോർകമ്മിറ്റിയിലോ ദേശീയ അധ്യക്ഷനാണ് തീരുമാനം പ്രഖ്യാപിക്കേണ്ടത്.
പൊതുയോഗത്തിൽ പ്രഖ്യാപിച്ചത് ശരിയായില്ലെന്നും സുരേന്ദ്ര വിരുദ്ധപക്ഷ നേതാക്കൾ പറയുന്നു. കേരളത്തിലെ ബിജെപിയുടെ ചിത്രം ജാവദേക്കറിന് അറിയില്ലെന്നും സുരേന്ദ്രനെ പ്രോത്സാഹിപ്പിക്കുന്ന ബി എൽ സന്തോഷിനെപ്പോലുള്ള ചിലർ തെറ്റിദ്ധരിപ്പിച്ച് പറയിപ്പിച്ചതാണെന്നും ഇവർ പറയുന്നു.
ബിജെപി മാധ്യമങ്ങൾ വാർത്ത മുക്കിയതിനെത്തുടർന്നാണ് പാർടിയിൽ അഭിപ്രായവ്യത്യാസമില്ലെന്നും സുരേന്ദ്രന്റെ നേതൃത്വത്തെ അംഗീകരിക്കുമെന്നും സംസ്ഥാന കോർകമ്മിറ്റിയെക്കൊണ്ട് പ്രസ്താവന ഇറക്കിച്ചത്. ബിജെപിയുടെ ചരിത്രത്തിൽ ഇതുവരെ മറ്റൊരു നേതാവിനുവേണ്ടി സ്ഥിരീകരണ പ്രസ്താവന ഇറക്കിയിട്ടില്ല. പ്രസ്താവനയിൽ പേരുള്ള പലരെയും കാര്യങ്ങൾ വ്യക്തമായി ധരിപ്പിക്കാതെ ഫോണിൽ സമ്മതം വാങ്ങിയതാണെന്നും പറയുന്നു.
കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റാൻ ദേശീയ നേതൃത്വത്തിൽ ധാരണയായതായി നേരത്തേ വാർത്ത വന്നിരുന്നു. സുരേന്ദ്രന്റെ നേതൃത്വം പരാജയമാണെന്ന് സി വി ആനന്ദബോസ്, ജേക്കബ് തോമസ്, ഇ ശ്രീധരൻ എന്നിവരടങ്ങിയ സമിതി നൽകിയ റിപ്പോർട്ടുമുണ്ട്. എന്നാൽ, കാലാവധി പൂർത്തിയായ മറ്റു സംസ്ഥാനങ്ങളിലടക്കം ലോക്സഭാ തെരഞ്ഞെടുപ്പുവരെ ഭാരവാഹികളെ മാറ്റേണ്ടെന്നും ധാരണയായിരുന്നു. അതും അംഗീകരിക്കാൻ തയ്യാറല്ലെന്നാണ് സുരേന്ദ്രവിരുദ്ധരുടെ നിലപാട്.