ന്യൂഡൽഹി
ഭൂമി ഇടിഞ്ഞുതാഴ്ന്ന് കെട്ടിടങ്ങൾക്കും റോഡുകൾക്കും മറ്റും വിള്ളൽവീഴുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠ് ഉന്നതസംഘം സന്ദർശിക്കും. ബോർഡർ മാനേജ്മെന്റ് സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റിയിലെ നാലംഗങ്ങളുമാണ് പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം തിങ്കളാഴ്ച സന്ദർശനം നടത്തുക. ഉത്തരാഖണ്ഡിലെ പ്രധാന തീർഥാടനകേന്ദ്രമായ ബദരീനാഥിലേക്കുള്ള വഴിയിൽ പ്രധാന ഇടത്താവളമാണ് ജോഷിമഠ്.
ഞായറാഴ്ച പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി അംഗങ്ങൾ, ഉത്തരാഖണ്ഡ് സർക്കാർ പ്രതിനിധികൾ, ഐഐടി റൂർക്കി, ജിയോളജിക്കൽ സർവേ, ദുരന്തനിവാരണ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുമായി ഫോണിൽ സ്ഥിതി വിലയിരുത്തി. തുടർന്നാണ് ഉന്നതതലയോഗം ചേർന്നത്. ജോഷിമഠിൽ വീടുകൾക്കും മറ്റും വിള്ളലുണ്ടായ പ്രദേശം മണ്ണിടിച്ചിൽ പ്രദേശമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അപകടനിലയിലായ വീടുകളിൽനിന്ന് 60 പേരെ താൽക്കാലിക ഇടങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു. 90 പേരെക്കൂടി വൈകാതെ മാറ്റും. 350 മീറ്റർ വിസ്തൃതിയുള്ള മേഖലയാണ് ഇടിഞ്ഞുതാഴുന്നത്. ദുരന്തനിവാരണ സേനാംഗങ്ങൾ സ്ഥലത്തുണ്ട്–- ചീഫ് സെക്രട്ടറി പറഞ്ഞു.
എന്നാൽ, സർക്കാർ ഇടപെടൽ വൈകുന്നതിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്. അപകടനിലയിലായ കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചെങ്കിലും പുനരധിവാസ നടപടികളും മറ്റും ഇഴഞ്ഞുനീങ്ങുകയാണ്.
ഭൂമികുലുക്കത്തെത്തുടർന്നുള്ള മണ്ണിടിച്ചിലിൽ നിക്ഷേപിക്കപ്പെട്ട ദുർബലമായ മണ്ണിലാണ് ജോഷിമഠിലെ നിർമാണങ്ങളെല്ലാം. നിർമാണപ്രവർത്തനങ്ങൾ ജോഷിമഠിലെ ദുർബലമായ മണ്ണിന് താങ്ങാവുന്നതിനും അപ്പുറമായതോടെയാണ് ഇപ്പോഴത്തെ വീണ്ടുകീറലും മറ്റും. നിർമാണങ്ങൾ ശാസ്ത്രീയമായി നിയന്ത്രിക്കുന്നതിൽ അധികൃതർക്ക് വന്ന വീഴ്ചയാണ് സ്ഥിതി വഷളാക്കിയത്.