കൊൽക്കത്ത> ഇൻഷുറൻസ് ജീവനക്കാരുടെ ദേശീയ സംഘടനയായ ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷന്റെ 26-ാം അഖിലേന്ത്യ സമ്മേളനത്തിന് കൊൽക്കത്തയിലെ ജ്യോതിബസു സെന്ററിൽ തുടക്കം. ആയിരക്കണക്കിനു ജീവനക്കാർ അണിനിരന്ന പ്രകടനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സമ്മേളനനഗരിയിൽ സംഘടനയുടെ ദേശീയ പ്രസിഡന്റ് വി രമേഷ് പതാക ഉയർത്തി. രക്തസാക്ഷിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് നൂറ്റൊന്നാം വയസ്സിലേക്ക് പ്രവേശിച്ച സംഘടനയുടെ സ്ഥാപകനേതാവായ ചന്ദ്രശേഖർ ബോസ് നേതൃത്വം നൽകി.
പൊതുസമ്മേളനം ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. നവ ഉദാരവൽക്കരണനയങ്ങൾക്ക് മനുഷ്യരുടെ അടിസ്ഥാന ജീവിതപ്രശ്നങ്ങൾ പരിഹരിക്കാനാകില്ലെന്ന് കോവിഡ്കാലം തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. ബദൽ സാധ്യമാണെന്നുള്ള കാഴ്ചപ്പാട് ലോകത്ത് സ്വീകാര്യമാവുകയാണ്. പൊതുമേഖലയെ ശക്തിപ്പെടുത്തി മാത്രമേ വികസനവും വളർച്ചയും സാധ്യമാകൂ. രാജ്യത്തിന്റെ സാമ്പത്തിക സ്വാശ്രയത്വത്തിന് എൽഐസിയെ പൊതുമേഖലയിൽ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വി രമേഷ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ശ്രീകാന്ത് മിശ്ര സംസാരിച്ചു. നാലു ദിവസത്തെ സമ്മേളനത്തിൽ ആയിരത്തഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കുന്നു. സമ്മേളനം ജനുവരി 11ന് സമാപിക്കും.