തിരുവനന്തപുരം
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത പരിശോധനകൾക്കായി സംസ്ഥാനതലത്തിൽ പ്രത്യേക സ്റ്റേറ്റ് ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഏതു ഭാഗത്തും ടാസ്ക് ഫോഴ്സിന് പരിശോധന നടത്താനാകും. അതതു പ്രദേശത്തെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ടീമിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ശരിയായ രീതിയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും സർക്കാരിന്റെ പരിരക്ഷയുണ്ടാകും. പരാതി ലഭിക്കുമ്പോൾ കൃത്യമായ നടപടി സ്വീകരിക്കണം. നിയമം ദുരുപയോഗിക്കരുത്. ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം തേടാമെന്നും മന്ത്രി പറഞ്ഞു.
കോവിഡിനുശേഷം ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നടപടി ശക്തമാക്കിയതായി യോഗം വിലയിരുത്തി. 2019ൽ 18,845 പരിശോധനയും 2020ൽ 23,892 പരിശോധനയും 2021ൽ 21,225 പരിശോധനയുണ് ജൂലൈമുതൽ ഡിസംബർവരെ നടത്തിയത്. കഴിഞ്ഞ ആറു മാസത്തിനകം അര ലക്ഷത്തോളം പരിശോധനയും നടന്നു.
ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ലൈസൻസ് റദ്ദായാൽ കമീഷണർ കണ്ട് മാത്രമേ അത് പുനഃസ്ഥാപിക്കാൻ അനുമതി നൽകാനാകൂ. കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തും. രാത്രി ചെക്ക് പോസ്റ്റുകൾ, തട്ടുകടകൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടത്താനും യോഗത്തിൽ തീരുമാനിച്ചു. ഹോട്ടലുകളുടെ ഹൈജീൻ റേറ്റിങ് സംവിധാനവും പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാനുള്ള പോർട്ടലും ഉടൻ സജ്ജമാക്കും. എൻഫോഴ്സ്മെന്റ് അവലോകനങ്ങൾ രണ്ടാഴ്ചയിലൊരിക്കൽ നടത്തും. ഫുഡ് സേഫ്റ്റി ഓഫീസർമാർമുതൽ കമീഷണർവരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
അടപ്പിച്ചത്
32 സ്ഥാപനം
ഭക്ഷ്യസുരക്ഷാവകുപ്പ് സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച 545 ഹോട്ടലിലും റസ്റ്റോറന്റുകളിലും പരിശോധന നടത്തി. ക്രമക്കേട് കണ്ടെത്തിയ 32 സ്ഥാപനം പൂട്ടിച്ചു. വൃത്തിഹീനമായി പ്രവർത്തിച്ച 14 ഉം ലൈസൻസ് ഇല്ലാതിരുന്ന 18 സ്ഥാപനവുമാണ് അടപ്പിച്ചത്. 177 സ്ഥാപനത്തിന് നോട്ടീസ് നൽകി. ചൊവ്വാഴ്ച പരിശോധനയിൽ 43 ഹോട്ടലും ബുധനാഴ്ച 50 ഹോട്ടലും പൂട്ടിച്ചിരുന്നു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.