കാലടി> കാലടി മറ്റൂരിൽ യുവതി കുത്തേറ്റ് മരിച്ച കേസിൽ ഭർത്താവ് പൊലീസിനോട് കുറ്റം സമ്മതിച്ചു. കുടുംബപ്രശ്നത്തെത്തുടർന്നുള്ള തർക്കത്തിനിടെയാണ്, മറ്റൂർ വരയിലാൻ വീട്ടിൽ സുനിതയെ (36) കൊലപ്പെടുത്തിയതെന്നാണ് ഭർത്താവ് ഷൈജുവിന്റെ കുറ്റസമ്മതം. കാലടി പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
പ്രതിയെ വ്യാഴം രാവിലെ മറ്റൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. സ്ഥലത്ത് ഫോറൻസിക്, വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സുനിതയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു. ബുധൻ പകൽ രണ്ടോടെയാണ് സുനിതയ്ക്ക് (36) കുത്തേറ്റത്. കരച്ചിൽകേട്ട നാട്ടുകാർ സുനിതയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നെഞ്ചിൽ ആഴത്തിലുള്ള മുറിവും ഉണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ ആദ്യം പരസ്പരവിരുദ്ധമായാണ് ഷൈജു മൊഴി നൽകിയത്. കൂടുതൽ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.
അയ്യമ്പുഴ ഇൻസ്പെക്ടർ എം മനോജ്, കാലടി സ്റ്റേഷനിലെ എസ്ഐമാരായ ടി ബി ബിബിൻ, വിപിൻ വി പിള്ള, എസ് സുകേശൻ, കെ എ പോളച്ചൻ, ജി സതീശൻ, എസ്സിപിഒ എം വി ജയന്തി തുടങ്ങിയവർ അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നു.