മൂംബൈ> പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ദേശീയ ആസ്തി വിൽപ്പന നയം തിരുത്തണമെന്നും കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ പതിനാറാം സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. വിലക്കയറ്റം തടയുക, തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, കനറാ ബാങ്കിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, ബാങ്ക് ജീവനക്കാരുടെ ശംബള പരിഷ്ക്കരണ ചർച്ചകൾ ഉടൻ ആരംഭിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി എൻ രാജഗോപാൽ അവതരിപ്പിച്ച റിപ്പോർട്ടിൽ നടന്ന ചർച്ചയിൽ കേരളത്തിൽ നിന്നും എ.ജയൻ, കെ.എസ്.ബിന്ദു, ധനേഷ്, ഗോവിന്ദ പ്രസാദ്, അനുഷ വേലായുധൻ, അമൽദാസ് ,അനഘ, അഭിനന്ദ് വൈശാഖൻ എന്നിവർ സംസാരിച്ചു. മുംബൈ എച്ച്.ഡി.ഷേണായ് നഗറിൽ (ബുന്ദാരഭവൻ, കുർല) ജനുവരി രണ്ടിന് ആരംഭിച്ച സമ്മേളനം സമാപിച്ചു.
പ്രശാന്ത് കദം പ്രസിഡണ്ട്, എൻ സനിൽ ബാബു ജനറൽ സെക്രട്ടറി, പ്രഭാകർ നായക് ട്രഷറർ
കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ അഖിലേന്ത്യാ പ്രസിഡണ്ടായി പ്രശാന്ത് കദം (മഹാരാഷ്ട്ര), ജനറൽ സെക്രട്ടറിയായി എൻ.സനിൽ ബാബു (ഇടുക്കി, കേരളം) ട്രഷററായി പ്രഭാകർ നായക് (മഹാരാഷ്ട്ര) എന്നിവരെ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്നും വൈസ് പ്രസിഡണ്ടായി എ.മഹിന്ദ്രൻ (കണ്ണൂർ), സെക്രട്ടറിമാരായി കെ.ദീപക് (മലപ്പുറം), കെ.ഹരികുമാർ (തിരുവനന്തപുരം) എന്നിവരെയും തിരഞ്ഞെടുത്തു. കെ. സനീഷ് (കോഴിക്കോട്), സി.അമൽദാസ് (കൊല്ലം), യു. അഭിനന്ദ് (കോട്ടയം), എ.ജയൻ (തൃശൂർ), കെ. അനഘ (കോഴിക്കോട്), അനുഷ വേലായുധൻ (വയനാട്), വി.എൻ.മനോരഞ്ജൻ (കണ്ണൂർ) എന്നിവരാണ് കേന്ദ്രകമ്മിറ്റി അംഗങ്ങൾ. വനിതാ സബ് കമ്മിറ്റി കൺവീനറായി എസ്.പ്രേമലതയെയും (തമിഴ്നാട്) കേരളത്തിൽ നിന്നും എ. രമ്യ, ഇ.ശരണ്യ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.