ന്യൂഡൽഹി
ശൈത്യ തരംഗത്തിന് പിന്നാലെ സീസണിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയതോടെ ദേശീയ തലസ്ഥാന പ്രദേശങ്ങളിൽ (എൻസിആർ) രണ്ടുദിവസത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച കുറഞ്ഞ താപനില 4.4 ഡിഗ്രിയായി കൂപ്പുകുത്തി. കടുത്ത മൂടൽമഞ്ഞ് റോഡ്–-റെയിൽ ഗതാഗതത്തെയും കാര്യമായി ബാധിക്കുന്നുണ്ട്. രണ്ടു ദിവസത്തേക്ക് 13–-15 ഡിഗ്രിവരെ മാത്രമേ കൂടിയ താപനിലപോലും പ്രവചിക്കുന്നുളളൂ. ഡൽഹിയിൽ ശൈത്യതരംഗം തുടരുകയാണെന്നും തണുപ്പിന് കാഠിന്യമേറുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ചണ്ഡീഗഢ് എന്നിവിടങ്ങളിലും രണ്ടുദിവസം ശൈത്യം രൂക്ഷമാകും. അടുത്ത ആഴ്ചമുതൽ താപനില 21 ഡിഗ്രിവരെ ഉയർന്നേക്കുമെന്നും പ്രവചനമുണ്ട്. അതിനിടെ ശൈത്യംമൂലം മധ്യപ്രദേശിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. ഇൻഡോർ സ്വദേശി രമാകാന്താ (41)ണ് മരിച്ചത്. പെയിന്റിങ് തൊഴിലാളി ആയിരുന്ന ഇദ്ദേഹത്തെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.