ന്യൂഡൽഹി
ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. 19,744 കോടി രൂപ തുടക്കത്തിൽ വകയിരുത്തും. 2030ഓടെ ഈ രംഗത്ത് പ്രതിവർഷം 50 ലക്ഷം ടൺ ഉൽപ്പാദനശേഷി കൈവരിക്കാൻ ലക്ഷ്യമിടുന്നു. ഇതുവഴി ഫോസിൽ ഇന്ധന ഇറക്കുമതിയിൽ ലക്ഷം കോടി രൂപയുടെ കുറവ് വരുത്താമെന്നും കാർബൺ വാതകങ്ങളുടെ ബഹിർഗമനം വൻതോതിൽ ചുരുക്കാമെന്നും കണക്കാക്കുന്നു. എട്ട് വർഷത്തിനുള്ളിൽ അഞ്ച് കോടി ടൺ കാർബൺ ഡയോക്സൈഡ് പ്രതിവർഷം ഒഴിവാക്കാൻ കഴിയും.
മൊത്തം എട്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപവും ആറ് ലക്ഷം തൊഴിലവസരവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു–-സ്വകാര്യ പങ്കാളിത്തത്തോടെ ഗവേഷണ–-വികസന പദ്ധതികൾ ആവിഷ്കരിക്കും. ഹരിത ഹൈഡ്രജൻ ഇടനാഴികൾക്ക് രൂപം നൽകും. പൈലറ്റ് പദ്ധതികൾക്ക് 1,466 കോടി രൂപയും ഗവേഷണത്തിന് 400 കോടി രൂപയും ഇതര ഘടകങ്ങൾക്ക് 388 കോടി രൂപയും ചെലവിടും.