ന്യൂഡല്ഹി> മദ്യലഹരിയില് വിമാനത്തിലെ വനിത യാത്രക്കാരിയ്ക്കു നേരെ സഹയാത്രികന് മൂത്രമൊഴിച്ചു. സംഭവം ജീവനക്കാരുടെ ശ്രദ്ധയില് പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് യാത്രക്കാരി പരാതിപ്പെട്ടു. ന്യൂയോര്ക്കില്നിന്ന് ഡല്ഹിയിലേക്കുള്ള എയര് ഇന്ത്യയുടെ എഐ-102 വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം. വിമാനം ഡല്ഹിയില് ഇറങ്ങിയപ്പോള് അക്രമം നടത്തിയയാള് യാതൊരു നടപടിയും നേരിടാതെ വിമാനത്താവളത്തില്നിന്നു പുറത്തുപോകുകയായിരുന്നു.
‘ഉച്ചയ്ക്ക് ആഹാരം നല്കിയ ശേഷം വിളക്കുകള് അണച്ച ശേഷമായിരുന്നു സംഭവം. പൂര്ണമായും മദ്യലഹരിയിലായിരുന്ന ഒരു യാത്രക്കാരന് എന്റെ സീറ്റിനടുത്തേക്ക് വരികയായിരുന്നു. തുടര്ന്ന് പാന്റിന്റെ സിപ്പ് അഴിച്ച ശേഷം സ്വകാര്യ ഭാഗങ്ങള് എന്റെ നേരെ പ്രദര്ശിപ്പിച്ചു. തുടര്ന്ന് മൂത്രമൊഴിച്ച ശേഷം അവിടെ തന്നെ നില്ക്കുകയായിരുന്നു. മറ്റൊരു യാത്രക്കാരനെത്തി മാറാന് പറഞ്ഞപ്പോള് മാത്രമാണ് അയാള് അവിടെനിന്നു പോയത്’-യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയര്മാന് എന് ചന്ദ്രശേഖരന് പരാതി നല്കിയ പരാതിയില് പറയുന്നു.
പരാതി നല്കിയതിനു ശേഷം മാത്രമാണ് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചതെന്നും പരാതിയുണ്ട്. വിമാന ജീവനക്കാര് യാതൊരു തരത്തിലും സഹകരിച്ചില്ലെന്ന് പരാതിക്കാരി കത്തില് പറയുന്നു.
അപമര്യാദയായി പെരുമാറിയ യാത്രക്കാരന് യാത്രാ നിരോധനം ഏര്പ്പെടുത്തണമെന്ന് സര്ക്കാരിനോട് എയര് ഇന്ത്യ ആവശ്യപ്പെട്ടു. സംഭവത്തില് ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന് റിപ്പോര്ട്ട് തേടി.















