കൊച്ചി
വൈപ്പിൻ ബസുകളുടെ നഗരപ്രവേശത്തിനുള്ള നിയമഭേദഗതിക്ക് വഴിയൊരുങ്ങുന്നു. ഇതിനായി ഗതാഗതമന്ത്രി ആന്റണി രാജുവിന്റെയും വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണിക്കൃഷ്ണന്റെയും നേതൃത്വത്തിൽ അധികൃതരുമായുള്ള യോഗങ്ങൾ നടത്തി. അടുത്ത യോഗം 10ന് നടക്കും. നഗരഗതാഗതം ഏകീകരിക്കാൻ രൂപീകരിച്ച കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ആദ്യയോഗത്തിൽത്തന്നെ വൈപ്പിൻ ബസുകളുടെ നഗരപ്രവേശം അംഗീകരിച്ചു. നടപ്പാക്കുംമുമ്പുള്ള പ്രായോഗിക നടപടിക്കായി സർവേയും മന്ത്രിതല തുടർയോഗങ്ങളും ആരംഭിച്ചു.
ഗ്രാമപ്രദേശത്തുനിന്നുള്ള സർവീസായതിനാൽ വൈപ്പിനിൽനിന്നുള്ള ബസുകൾക്ക് നഗരത്തിലേക്ക് സർവീസില്ല. എംജി റോഡ്, സഹോദരൻ അയ്യപ്പൻ റോഡ്, ഷൺമുഖം റോഡ്, ബാനർജി റോഡ് എന്നിവ ദേശസാൽകൃത റൂട്ടായതിനാൽ സിറ്റി സർവീസ് പെർമിറ്റുണ്ടെങ്കിലേ ഇവിടെ പ്രവേശിക്കാനാകൂ. അതിനാൽ വൈപ്പിൻ ബസുകൾക്കായി നിയമഭേദഗതി കൊണ്ടുവരണം. ഇതിനുള്ള നടപടി പുരോഗമിക്കുകയാണ്. കൂടുതൽ ബസുകൾ നഗരത്തിൽ എത്തുമ്പോൾ ഇവ വൈറ്റില, കലൂർ, തേവര ഭാഗങ്ങളിലേക്ക് തിരിച്ചുവിടാൻ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ ഗതാഗതസ്തംഭനമുണ്ടാകും. നിലവിൽ സർവീസ് നടത്തുന്ന ബസുകളുടെ സമയം ക്രമീകരിക്കുന്ന കാര്യവും തീരുമാനിക്കും.
നടപടികൾ ഉടൻ: കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ
എത്രയുംവേഗം വൈപ്പിൻ ബസുകളുടെ നഗരപ്രവേശം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽ എ പറഞ്ഞു. ഗോശ്രീ പാലം ഉദ്ഘാടനം ചെയ്തപ്പോൾമുതൽ എൽഡിഎഫ് ഇതിനായി ശ്രമിക്കുകയാണ്. യുഡിഎഫ് ഭരണകാലത്ത് കോൺഗ്രസോ ഘടകകക്ഷികളോ ഇക്കാര്യത്തിൽ ചെറുവിരൽ അനക്കിയിട്ടില്ല. ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ മുതലെടുപ്പിനാണ് ഇവർ ശ്രമിക്കുന്നതെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.















