തിരുവനന്തപുരം> ജനാധിപത്യ മഹിളാ അസോസിയേഷൻ 13–-ാം അഖിലേന്ത്യ സമ്മേളനത്തിനൊരുങ്ങി തലസ്ഥാനം. 36 വർഷത്തിനുശേഷം കേരളത്തിലെത്തുന്ന സമ്മേളനം അതിഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവർത്തകർ. 25 സംസ്ഥാനത്തുനിന്നും രണ്ട് കേന്ദ്രഭരണപ്രദേശത്തുനിന്നുമായി 96,31,116 അംഗങ്ങളെ പ്രതിനിധാനംചെയ്ത് 850 പേരാണ് വെള്ളിമുതൽ നാലുദിവസം സമ്മേളനത്തിന്റെ ഭാഗമാകുക. ടാഗോർ തിയറ്റർ (എം സി ജോസഫൈൻ നഗർ), പുത്തരിക്കണ്ടം മൈതാനം (മല്ലു സ്വരാജ്യം നഗർ) എന്നിവിടങ്ങളിലായാണ് സമ്മേളനം. വെള്ളിയാഴ്ച പ്രതിനിധി സമ്മേളനം കലാമണ്ഡലം കൽപ്പിത സർവകലാശാല ചാൻസലറും പ്രശസ്ത നർത്തകിയുമായ മല്ലിക സാരാഭായിയും ഒമ്പതിന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനംചെയ്യും.
നങ്ങേലി മുതൽ എം സി ജോസഫൈൻ വരെയുള്ളവരുടെ ചിത്രമുള്ള കൂറ്റൻ പ്രചാരണ ബോർഡുകളും സുശീല ഗോപാലൻ, കെ ആർ ഗൗരിയമ്മ, വിമല രണദിവെ എന്നിവരുടെയടക്കം 169ഓളം സ്തൂപവുമാണ് ജില്ലയിലാകെ സ്ഥാപിച്ചത്. ബുധനാഴ്ച ഓവർ ബ്രിഡ്ജ് മുതൽ പാളയം രക്തസാക്ഷിമണ്ഡപംവരെ നടക്കുന്ന വിളംബരജാഥയിൽ ശിങ്കാരിമേളവും ഫ്ലാഷ് മോബും ഉണ്ടാകും. ജില്ലാ അതിർത്തികളായ തട്ടത്തുമല, കടമ്പാട്ടുകോണം, പാറശാല എന്നിവിടങ്ങളിൽ കമാനങ്ങൾ ഉയർന്നു. പ്രചാരണത്തിന്റെ ഭാഗമായി തീം, പ്രചാരണ ഗാനങ്ങളും ‘തന്റേടം’ എന്ന ഷോർട്ട്ഫിലിമും നിർമിച്ചു. അയ്യൻകാളി ഹാളിൽ “ദൃശ്യഭൂമിക’ ചരിത്രപ്രദർശനത്തിലും ഏരിയകളിൽ നടക്കുന്ന സെമിനാറുകളിലും വലിയ ജനപങ്കാളിത്തമുണ്ട്. ഒരുലക്ഷം സ്ത്രീകൾ പങ്കെടുക്കുന്ന പ്രകടനത്തോടും പൊതുസമ്മേളനത്തോടും കൂടിയാണ് സമ്മേളനം സമാപിക്കുക.
ദീപശിഖ, കൊടിമര, പതാക ജാഥകൾ 5ന്
അഖിലേന്ത്യ സമ്മേളനത്തിന് മുന്നോടിയായുള്ള ദീപശിഖ, കൊടിമര, പതാക ജാഥകൾ വ്യാഴാഴ്ച നടക്കും. കരമന സ. ശാരദാമ്മ സ്മൃതിമണ്ഡപത്തിൽ പതാക ഡോ. ടി എൻ സീമ ഏറ്റുവാങ്ങും. വാഴമുട്ടം സ. അമ്മു രക്തസാക്ഷിമണ്ഡപത്തിൽ ദിപശിഖ സി എസ് സുജാതയും മെഡിക്കൽ കോളേജ് സ. ദേവകി വാര്യർ സ്മൃതിമണ്ഡപത്തിൽ കൊടിമരം എൻ സുകന്യയും ഏറ്റുവാങ്ങും.















